പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കാടുമൂടിക്കിടന്ന ഭാഗങ്ങള്‍ ക്ലീനായി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാല്പത്തി അഞ്ചോളം എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ ഒരു ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. യൂണിറ്റ് ഓഫീസറും അധ്യാപകനുമായ എ.കെ.നിര്‍മ്മല്‍, സഹഅധ്യാപകരായ സി.പി.ശിഖ, പി.എം.രഞ്ജിനി, ഓഫീസ് ജീവനക്കാരന്‍ കെ.പി.കിഷോര്‍ വിദ്യാര്‍ഛഥി ലീഡര്‍മാരായ യു.വി.അഖില്‍, ഡാന്‍ മരിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.
ഡാം വൃഷ്ടിപ്രദേശമാണ് പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടിസ്ഥാനം. ഇതാണ് കാടുപിടിച്ചു വികൃതമായി കിടക്കുന്നത്. മുമ്പ് മതിയായ ഫീല്‍ഡ് സ്റ്റാഫ് ഇവിടെയുണ്ടായിരുന്നു. ഓരോരുത്തരായി വിരമിച്ച് ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വിശാലമായ ഡാം മേഖലയില്‍ ഇവര്‍ മാത്രം ശ്രമിച്ചാല്‍ പണി നടക്കില്ല. മുന്‍ വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കാട് വെട്ടിനീക്കിയിരുന്നു. ഇക്കുറി തൊഴിലുറപ്പുകാര്‍ രംഗത്തു വന്നെങ്കിലും കാടു നീക്കാന്‍ പ്രൊജക്ടില്ലെന്ന കാരണം നിരത്തി ഇടയ്ക്കുവച്ചു പണി നിര്‍ത്തിവയ്പിച്ചു. ഇതോടെ ഡാം മേഖലയില്‍ കാട് വളര്‍ന്നുമൂടുകയായിരുന്നു. കുട്ടികളുടെ വരവ് ഇതിനിടയില്‍ അല്പം ആശ്വാസമായിരിക്കുകയാണ്.