വ്യാപാരിയുടെ കൊലപാതകം : പ്രതികള്‍ പിടിയിലായതായി സൂചന

tvm-CRIMEകാട്ടാക്കട: കടയടച്ചു വീട്ടിലേക്കു മടങ്ങിയ വ്യാപാരി ആമച്ചല്‍ ചന്ദ്രമംഗലം സാനി ഭവനില്‍ ചന്ദ്രനെ(63)  വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പോലീസ് വലയിലായതായി സൂചന.നാലു പേര്‍ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന. ഇവരെ ചോദ്യം ചെയ്തു വരുന്നു വെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ ആരാണെന്നും എവിടെ നിന്നുള്ളവരാണെന്നും ഉള്ള വിവരം  പോലീസ് രഹസ്യമായി  സൂക്ഷിക്കുകയാണ്. കസ്റ്റഡിയിലായ പ്രതികള്‍ മാറനല്ലൂര്‍, മലയിന്‍കീഴ് സ്റ്റേഷനുകളിലാണ് ചോദ്യം ചെയ്യലിന് വിധേയമാകുന്നത്. കൊലപാതകം ക്വട്ടേഷനാണെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കകം ഉണ്ടാകും.

കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നാവാശ്യപ്പെട്ട് ബിജെപി സ്റ്റേഷന്‍ മാര്‍ച്ച് ഇന്നു നടത്താനിരിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികള്‍ വലയിലായിരിക്കുന്നത്. സംഭവ ദിവസം രാത്രിയിലെ മൊബൈല്‍ വിളികള്‍ പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. 27ന് രാത്രി 10 നും 11 നും ഇടയ്ക്കാണ് സംഭവം. ആമച്ചലില്‍  കട നടത്തുന്നയാളാണ് ചന്ദ്രന്‍. കടയടച്ചശേഷം വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രനെ വീടിനു 100 മീറ്റര്‍ അടുത്തു  നടുറോഡില്‍ വച്ച്  ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘം വളഞ്ഞു.  തുടര്‍ന്ന് ആയുധങ്ങളുമായി ചാടിയിറങ്ങിയവര്‍  വെട്ടുകയായിരുന്നു.

Related posts