മൂവാറ്റുപുഴ: ദക്ഷിണ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ വികസനത്തിനു ആക്കംകൂട്ടുന്ന അങ്കമാലി -എരുമേലി ശബരിപാത യാഥാര്‍ഥ്യമാക്കുന്നതിനു സംസ്ഥാന ബജറ്റില്‍ 200 കോടി അനുവദിക്കുമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ശബരിപ്പാത ആക്ഷന്‍ കൗണ്‍സിലുകളുടെ സമിതി ചെയര്‍മാന്‍ ജോയ്‌സ് ജോര്‍ജ് എംപി, ജനറല്‍ കണ്‍വീനര്‍ ബാബു പോള്‍ എന്നിവര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവരുമായി കൂടികാഴ്ച നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു.1996-ലാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വേ ബോര്‍ഡും ശബരിപ്പാതയ്ക്ക് അംഗീകാരം നല്‍കിയതെങ്കിലും 12 വര്‍ഷങ്ങള്‍ക്കുശേഷം 2008ലാണ് പാതയുടെ പ്രാരംഭനിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
അങ്കമാലി മുതല്‍ കാലടിവരെയുള്ള ഒന്നാം റീച്ചിന്റെയും കാലടി റെയില്‍വേ സ്റ്റേഷന്റെയും പെരിയാറിനു കുറുകെയുള്ള പാലത്തിന്റെയും 80 ശതമാനം നിര്‍മാണം മാത്രമാണ് നടന്നിട്ടുള്ളത്. കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, കൂവപ്പടി, പെരുമ്പാവൂര്‍ വില്ലേജുകളിലെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും സ്ഥലമുടമകള്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍കാത്തതിനാല്‍ ഭൂമി റെയില്‍വേയ്ക്ക് കൈമാറുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് 87 കോടി രൂപയാണ് ആവശ്യമായുള്ളത്. എറണാകുളം ജില്ലയിലെ തുടര്‍ന്നുള്ള ഭാഗത്തെയും ഇടുക്കി ജില്ലയിലെയും അലൈന്‍മെന്റിന് അംഗീകാരമായെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അലൈന്‍മെന്റ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശത്തിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നാളിതുവരെ നല്‍കിയിട്ടില്ല.
1996-ല്‍ പദ്ധതിയുടെ അടങ്കല്‍ ചെലവ് 550 കോടി രൂപയായിരുന്നുവെങ്കിലും 2010-ലെ പുതിയ എസ്റ്റിമേന്റ് പ്രകാരം പദ്ധതിയടങ്കല്‍ 1214 കോടിയായി വര്‍ധിച്ചു. ഇത്ര ഭീമമായ തുക കേന്ദ്രസര്‍ക്കാരിന് തന്നെ ചെലവഴിക്കാന്‍ കഴിയില്ലെന്ന നിലപാട് റെയില്‍വേ മന്ത്രാലയം സ്വീകരിക്കുകയും മൊത്തം ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ 2011-ല്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തതോടെയാണ് പാതയുടെ നിര്‍മാണം സ്തംഭനത്തിലേക്ക് നീങ്ങിയത്. 2008-ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതിയെന്ന നിലയില്‍ ശബരിപ്പാതയ്ക്ക് ഈ വ്യവസ്ഥയില്‍നിന്ന് ഇളവ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെ വന്നതിനെ തുടര്‍ന്നുള്ള തര്‍ക്കം 2015വരെ നീണ്ടുപോയത് പദ്ധതി പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്തു.
കല്ലിട്ടു പോയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഭൂമി ക്രയവിക്രയം നടത്തുവാനോ പണയപ്പെടുത്തി വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കുവാനോ വീടുകള്‍ പുതുക്കിപ്പണിയാനോ കഴിയാത്ത സ്ഥിതിയായി. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍ലിലുകളുടെ നേതൃത്വത്തില്‍ വിവിധ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെ ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ കരിങ്കുന്നം മുതല്‍ കാലടി വരെ ബഹുജന മാര്‍ച്ചും നടത്തി.ആക്ഷന്‍ കൗണ്‍സിലിന്റെ സമരങ്ങളെ തുടര്‍ന്നു യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി ചെലവിന്റെ 50 ശതമാനം വഹിക്കുവാനുള്ള സന്നദ്ധത അറിയിക്കുകയും 2016 ജനുവരിയിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തുവെങ്കിലും സംസ്ഥാനം സ്വീകരിക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ പുതിയ സര്‍ക്കാരിനു മുന്നില്‍ നിവേദനവുമായെത്തിയത്.
ധാരണാ പത്രം അനുസരിച്ചുള്ള ജോയിന്റ് വെഞ്ചര്‍ കമ്പനി (ജെവിസി) രൂപീകരിക്കുന്നതിനുള്ള പ്രാരംഭ മൂലധനമായി 100 കോടി രൂപയും ജെവിസിയുടെ കീഴില്‍ ശബരിപ്പാതയ്ക്ക് മാത്രമായി രൂപം നല്‍കുന്ന സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളി(എസ്പിവി)നായി 100 കോടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് നിവേദക സംഘവുമായി നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നല്‍കിയിട്ടുള്ളത്. ഇക്കാര്യം പൊതുജനത്തെ അറിയിക്കാനുള്ള അനുമതിയും മന്ത്രി നല്‍കിയിരുന്നു.
നിവേദകസംഘത്തില്‍ എംപിയോടൊപ്പം എംഎല്‍എമാരായ എല്‍ദോ ഏബ്രഹാം, ആന്റണി ജോണ്‍ എന്നിവരും മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ഗോപി കോട്ടമുറി, ജോണി നെല്ലൂര്‍, വിവിധ പ്രാദേശിക ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.എം. ഇസ്മയില്‍, എ. മുഹമ്മദ് ബഷീര്‍, ഡിജോ കാപ്പന്‍, ആര്‍. മനോജ് പാലാ, അഡ്വ. ഇ.എ. റഹിം, അഡ്വ. സി.കെ. വിദ്യാസാഗര്‍, ജിജോ പനിച്ചനാനി, അനീഷ് കരിങ്കുന്നം, ഗോപാലന്‍ വെണ്ടുവഴി, അജി റാന്നി എന്നിവരുമുണ്ടായിരുന്നു.