തൃശൂര്‍: എഴുത്തില്‍ പേരുണ്ടാക്കുന്നതും സ്വന്തം ശൈലിയുറപ്പിക്കുന്നതും എളുപ്പമാണെന്നും സിനിമയില്‍ ശൈലി സ്ഥാപിക്കുകയെന്നതു ബുദ്ധിമുട്ടാണെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നീലന്‍ അഭിപ്രായപ്പെട്ടു. 11-ാം വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ റിട്രോസ്‌പെക്ടീവ് വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുംബൈയില്‍നിന്നുമുള്ള പരോമിത വോറയുടെ ചിത്രങ്ങളാണ് ഇത്തവണ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ രണ്ടാംദിവസം വിവിധ ഹ്രസ്വചിത്രങ്ങളും ശില്‍പശാലകളും മിനി കോണ്‍ഫറന്‍സുകളും സംഘടിപ്പിച്ചു. കാനന്‍, നിക്കോണ്‍ കാമറകളുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഛായാഗ്രഹണത്തില്‍ ശില്‍പശാല നടത്തി. വൈവിധ്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സും നടന്നു.
അലഹബാദ് സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് റിച്ച സിംഗ്, വിടുതലൈ സിരുത്തുക്കള്‍ കക്ഷിയില്‍നിന്നും ജോഷ്വാ ഐസക്, ഗുജറാത്ത് ലോക്ക് കലാമഞ്ചില്‍നിന്നുമുള്ള അമ്പുബായ്, ജാര്‍ഖണ്ഡീ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും ബല്‍ഭദ്ര ഹോണ്‍ഹാഗ, കവി അന്‍വര്‍ അലി, ട്രാന്‍സ് ജെന്‍ഡറായ ഫൈസല്‍ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ദിവസവും ഇരുപതോളം ചെറുചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.