സുരക്ഷയില്ലാതെ എടിഎം കൗണ്ടറുകള്‍

kkd-atmകൊച്ചി: എടിഎം കൗണ്ടറുകളിലെ മോഷണങ്ങളും തട്ടിപ്പുകളും ഇന്നു തുടര്‍ക്കഥ പോലെ തുടരുകയാണ്. അത്യാധുനികമായ രീതിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന തട്ടിപ്പുകളും മറ്റു വിധത്തിലുള്ള മോഷണങ്ങളും ഇന്നു പതിവാണ്. തിരുവനന്തപുരത്ത് എടിഎം കൗണ്ടറില്‍ കാമറയും അത്യാധുനിക സംവിധാനങ്ങളും വച്ചു പിന്‍ നമ്പര്‍ ചോര്‍ത്തി പണം തട്ടിയ സംഭവം നടന്നിട്ടു ദിവസങ്ങളായതെയുള്ളു. റൊമേനിയക്കാരായിരുന്നു ഈ കേസില്‍ പ്രതികള്‍. എറണാകുളത്ത് കാക്കാനാട് ആറുമാസത്തിനിടെ നാലിടത്ത് എടിഎം കുത്തിത്തുറക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഏറ്റവുമൊടുവില്‍ കാക്കനാട് പടമുകള്‍ കമ്പിവേലിക്കകത്ത് സിന്‍ഡിക്കറ്റ് ബാങ്കിന്റെ എടിഎം കുത്തിത്തുറക്കാനുള്ള ശ്രമമാണ്.

സംഭവത്തില്‍ രണ്ടു പ്രതികളില്‍ ഒരാള്‍ പിടിയിലായിരുന്നു. ഇയാള്‍ കൂട്ടപ്രതിയെ കൊന്നിരുന്നു.  ചിത്രങ്ങളടക്കം എടിഎമ്മിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പ്രചരിച്ചതിനാല്‍ പോലീസ് പിടികൂടുമെന്നും ഒറ്റിക്കൊടുക്കുമെന്നുള്ള ഭയത്തില്‍ കൊല നടത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പാശേരിയില്‍ ദേശീയ പാതാ 47 ല്‍ ദേശത്തുള്ള എസ്ബിഐ എടിഎം കൗണ്ടര്‍ ബോംബ് വച്ച തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. ആ കേസിലും പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് തന്നെ. ഇടപ്പള്ളി ബൈപ്പാസിലെ ഷോപ്പിംഗ് മാളിന് സമീപത്തെ എടിഎമ്മില്‍ നിന്ന് പണം എടുക്കാനെത്തിയവരെ കബളിപ്പിച്ച് പണം തട്ടിയ സംഭവം ഉള്‍പ്പടെ നിരവധി തട്ടിപ്പുകള്‍ എടിഎമ്മുമായി ബന്ധപ്പെട്ട് നടക്കുന്നു.

സുരക്ഷ കുറവ്

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഒരു പരിധിവരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ജില്ലയിലും നഗരത്തിലും എടിഎമ്മുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിരളമാണ്. പല എടിഎം കൗണ്ടറുകളിലും സെക്യുരിറ്റി ജീവനക്കാരില്ലാത്ത അവസ്ഥയാണ്. നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രികാലങ്ങളില്‍ വിജനമായി കിടക്കുന്ന എടിഎമ്മിനുള്ളില്‍ കയറി പണം പിന്‍വലിക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. എറണാകുളം ജില്ലയില്‍ എടിഎം കൗണ്ടറുകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 200 ലേറെ എടിഎമ്മുകളില്‍ സെക്യുരിറ്റി ജീവനക്കാരില്ല. തിരുവനന്തപുരത്തും കാക്കനാടും എടിഎമ്മുകളില്‍ നടന്ന സംഭവങ്ങളെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പോലീസ് ഈ വിവരം കണ്ടെത്തിയത്.

ജില്ലയിലെ ഒട്ടുമിക്ക എടിഎമ്മുകളിലും എമര്‍ജന്‍സി നമ്പറുകളും അത്യാവശ്യ നിര്‍ദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നതു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ്. പലയിടത്തും അതു കാണാനെ ഇല്ല. എടിഎം കാര്‍ഡ് ഉള്ളവര്‍ മാത്രം എടിഎം കൗണ്ടറില്‍ പ്രവേശിക്കുന്നതിനായി ഡോറില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സെക്യുരിറ്റി സംവിധാനം ഒട്ടുമിക്കയിടങ്ങളിലും പ്രവര്‍ത്തിക്കുന്നില്ല. ഇതു മൂലം ആര്‍ക്കും എടിഎം കണ്ടറില്‍ പ്രവേശിക്കാമെന്ന അവസ്ഥയാണുള്ളത്.

ഹെല്‍മെറ്റ് പോലെ മുഖം മറയ്ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കൗണ്ടറില്‍ പ്രവേശിക്കരുതെന്നിരിക്കെ പലരും ഈ നിര്‍ദേശത്തിന് പുല്ലുവിലയാണ് നല്‍കുന്നത്. എടിഎമ്മില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകള്‍ പകുതിയിലധികവും പ്രവര്‍ത്തരഹിതമാണ്. പലതും സ്ഥാനം തെറ്റി സ്ഥാപിച്ചവയുമാണ്. പല കാമറകളിലും ആളെ തിരിച്ചറിയാത്തവിധം ക്വാളിറ്റി കുറഞ്ഞവയാണ്. എടിഎമ്മിന്റെ അകത്തെ കാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയാണ് മിക്ക മോഷണങ്ങളും നടക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച്ചകള്‍ വലിയ അളവില്‍ എടിഎമ്മുമായി ബന്ധപ്പെട്ട് നടക്കുന്ന മോഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും കാരണമാകാറുണ്ട്.

ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും; സിറ്റി പോലീസ് കമ്മിഷണര്‍

എടിഎം തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച വരുത്തിയ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും എത്രയും പെട്ടെന്ന് സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പറഞ്ഞു.    ജില്ലയിലെ എല്ലാ ബാങ്കുകളുടേയും എടിഎമ്മുകളില്‍ പോലീസ് പരിശോധന തുടരുകയാണ്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത എടിഎമ്മുകളില്‍ എത്രയും വേഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി സാങ്കേതിക വിദഗ്ധരെ കൊണ്ട് സര്‍ട്ടിഫൈ ചെയ്യണമെന്നും ബാങ്കുകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ഇരുന്നൂലധികം എടിഎമ്മുകളില്‍ സെക്യുരിറ്റി ജീവനക്കാരില്ലെന്ന് കണെ്ടത്തി. ഇത് ഗുരുതരമായ സുരക്ഷാപ്രശ്‌നമാണ്. പല എടിഎമ്മുകളിലും സ്ഥാപിച്ചിരിക്കുന്ന കാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ വ്യക്തതയില്ല. ഗുണമേന്മയുള്ളതും രാത്രികാലങ്ങളിലും വ്യക്തമായി കാണുന്ന തരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാനുള്ള നടപടി ബാങ്ക് അധികൃതര്‍ സ്വീകരിക്കണം. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ദൃശ്യങ്ങളില്‍ മുഖം വ്യക്തമാകാതെ വരുന്ന സംഭവങ്ങള്‍ പതിവാണ്.

കാമറകള്‍ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ പ്രശ്‌നവുമുണ്ട്. നഗരത്തില്‍ രാത്രികാലങ്ങളില്‍ ഇപ്പോള്‍ നൂറിലധികം പോലീസുകാര്‍ പട്രോളിംഗ് നടത്തുന്നുണ്ട്. മറ്റു സുരക്ഷാപരമായ കാര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം ബാങ്കിനു തന്നെയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനാണ് തീരുമാനമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Related posts