സൂരജിന്റെ മരണത്തില്‍ ദുരൂഹത; പോലീസിനു പിതാവിന്റെ പരാതി

Crimeചങ്ങനാശേരി: തൃക്കൊടിത്താനം നാല്‍ക്കവല എ.ജി. സദനത്തില്‍ സൂരജ് (കണ്ണന്‍- 30) ബൈക്കപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് പിതാവും സൂര്യാ സോമില്‍ ഉടമയുമായ സുബാഷ് ചന്ദ്രന്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി.  കഴിഞ്ഞ ജൂലൈ രണ്ടിനു രാത്രി ഒമ്പതിനാണ് സൂരജിന് അപകടമുണ്ടായതായി വീട്ടുകാര്‍ അറിയുന്നത്. അപകടദിവസം രാത്രി എട്ടുവരെ വീട്ടിലുണ്ടായിരുന്ന സൂരജ് ആരോ ഫോ ണില്‍ വിളിച്ചതനുസരിച്ചു ബൈക്കില്‍ കയറി പോകുകയായിരുന്നു. പിന്നീട് അപകടവാര്‍ത്തയാണു വീട്ടുകാരുടെ കാതുകളിലെത്തിയത്.

ആദ്യം തെങ്ങണായില്‍ വച്ചാണ് അപകടം ഉണ്ടായതെന്നും പിന്നീട് നാലുന്നാക്കല്‍ പാലത്തിനു സമീപത്താണെന്നും അതിനുശേഷം നാലുന്നാക്കല്‍ വര്‍ക്‌ഷോപ്പിന്റെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നും സൂരജിന്റെ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതാണ് സംശയത്തിന് കാരണമായതെന്നു പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല സൂരജിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സൂരജിന്റേ കൂടെ യാത്ര ചെയ്തിരുന്നവര്‍ ഇതുവരെ കൃത്യമായ വിവരം നല്‍കാത്തതാണ് പരാതിക്ക് കാരണമായത്.

എന്നാല്‍, ആരെയും സംശയമുള്ളതായി പരാതിയില്‍ പറഞ്ഞിട്ടില്ല. അപകടമുണ്ടായി അരമണിക്കറിലേറെ നേരം റോഡില്‍ കിടക്കുകയും കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാക്കാതിരുന്നതുമാണ് വീട്ടികാരെ സംശയത്തിന്റെ വഴിത്തിരിവിലെത്തിച്ചത്. പിന്നീട് റോഡിലൂടെ എത്തിയവരാണ് സൂരജിനെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെനിന്ന് അടിയന്തര ശുശ്രൂഷകള്‍ നല്‍കി ആം ബുലന്‍സില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നതിനു മുമ്പ് വെന്റിലേറ്റര്‍ ആരോ എടുത്തുമാറ്റിയതും മരണകാരണമായതായി പരാതിയില്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത സൂരജിനോട് നാട്ടുകാര്‍ക്ക് ഏറെ പ്രിയമായിരുന്നു. സൂരജിന്റെ കൂടെയുണ്ടായിരുന്നവര്‍ ആരെയൊ ഭയപ്പെടുന്നതാവാം കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതെന്നു സുബാഷ് ചന്ദ്രന്‍ പറഞ്ഞു.

നേരത്തേയും സൂരജിനെ അപായപ്പെടുത്താന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേസമയം സൂരജിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി പിതാവും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാല്‍ക്കവല റസിഡന്‍സ് അസോസിയേഷനും രംഗത്തെ ത്തിയിട്ടുണ്ട്.

Related posts