നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന നാലു സ്കൂള്‍ ബസ്സുകള്‍ കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് സ്കൂള്‍ കോമ്പൗണ്ടുകളിലെ ബസ്സുകളില്‍ തീ കത്തുന്നത് നൈറ്റ് വാച്ച്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഉടനെ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് തിരുവനന്തപുരം കണ്ട്രോള് റൂമില്‍ നിന്നും നെയ്യാറ്റിന്‍കര പോലീസിലും പോലീസ് വഴി നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സിലും വിവരം അറിഞ്ഞു. ഫയര്‍ഫോഴ്സ് നെയ്യാറ്റിന്‍കര സ്റ്റേഷന് ഓഫീസര്‍ അശോക്കുമാറിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും മൂന്നു യൂണിറ്റ് സംഭവസ്ഥലത്തെത്തി.
പാറശാല ഫയര്‍സ്റ്റേഷനില്‍ നിന്നും ഒരു യൂണിറ്റും സഹായത്തിനെത്തിച്ചേര്‍ന്നു. ഒരു മണിക്കൂറോളം സമയം അധ്വാനിച്ചതിന്റെ ഫലമായി ബസ്സുകളിലെ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചു. മൂന്നു ബസ്സുകള്‍ പൂര്‍ണ്ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് ജീവനക്കാരും സ്കൂള്‍ ബസ് ഡ്രൈവര്‍മാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമൊക്കെ ചേര്‍ന്ന് മറ്റു ബസ്സുകള്‍ ഷെഡില്‍ നിന്നും ഓടിച്ച് മറ്റൊരിടത്തേയ്ക്ക് നീക്കിയത് വന്‍ദുരന്തം ഒഴിവാക്കി.
ബസ്സിന്റെ ബാറ്ററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണമായി ഫയര്‍ഫോഴ്സ് കണക്കാക്കുന്നത്. ബസ്സുകളുടെ അടിഭാഗവും ടയറുകളും കത്തിനശിച്ചുവെങ്കിലും ഡീസല്ടാങ്കുകള്ക്ക് കേടുപാട് സംഭവിച്ചില്ല. വലിയ ദുരന്തം ഒഴിവായതിനു ഇതുമൊരു കാരണമായി ഫയര്‍ഫോഴ്സ് സ്റ്റേഷന് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. കത്തിനശിച്ച ബസ്സുകള്‍ 2013, 2014, 2016 കാലയളവില്‍ വാങ്ങിയതാണ്. ഫൈബറും റബറൈസഡ് വസ്തുക്കളും അടങ്ങിയ ബസ്സിന്റെ ബോഡി നിമിഷങ്ങള്‍ക്കകമാണ് അഗ്നിക്കിരയായത്. ഒന്നില്‍ നിന്നും അടുത്തതിലേയ്ക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
ബസ്സുകള്ക്കാകെ അമ്പതു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം. എന്തായാലും, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിന്‍കര സിഐ അറിയിച്ചു. സംഭവസ്ഥലം പോലീസ് ഇന്ന് വിശദമായി പരിശോധിക്കും. കെ. ആന്‍സലന്‍ എംഎല്‍എ, സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര് ഹീബ, വൈസ് ചെയര്മാന് കെ.കെ ഷിബു, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, സജിത മുതലായവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.