ഫ്രാങ്ക്ഫര്‍ട്ട്: യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ടു മറന്നുപോകുന്നതും യാത്ര മുടങ്ങുന്നതും പലര്‍ക്കും സംഭവിക്കുന്നതാണ്. എന്നാല്‍, പാസ്‌പോര്‍ട്ട് മറന്നുപോയാലും മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ യാത്ര ചെയ്യാവുന്ന സംവിധാനം അടുത്തുതന്നെ പ്രാബല്യത്തിലാകുമെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തും ഏതും സ്മാര്‍ട്ട് ഫോണില്‍ സാധിക്കാവുന്ന ഈ കാലത്ത് പാസ്പാര്‍ട്ട് കൈയിലെ മൊബൈല്‍ ഫോണില്‍ സുരക്ഷിതമാക്കാം.
ബ്രിട്ടനിലെ പ്രമുഖരായ പാസ്‌പോര്‍ട്ട് നിര്‍മാണ കമ്പനിയായ ഡി ലാ റുവെ ആണ് ഇതു സംബന്ധിച്ച പരീക്ഷണം നടത്തി അതിന്റെ അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഡി ലാ റുവെ കമ്പനി ആണു ബ്രിട്ടനിലെ കറന്‍സി നോട്ടുകളും അടിക്കുന്നത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍തന്നെ ഇതു വിജയകരമായി പ്രായോഗികമാക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. പ്രായോഗികമായി തെളിയിച്ചാല്‍ പല രാജ്യങ്ങളും ഈ സ്മാര്‍ട്ട് ഫോണ്‍ പാസ്‌പോര്‍ട്ട് നടപ്പാക്കാന്‍ തയാറാണെന്നു അറിയിച്ചതായി കമ്പനി വക്താവ് പറഞ്ഞു.
തുടക്കത്തില്‍ ടൂറിസ്റ്റുകള്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ പാസ്‌പോര്‍ട്ട് സൗകര്യം ലഭ്യമാക്കുക. കടലാസ് രഹിത പാസ്‌പോര്‍ട്ടിനായുള്ള ശ്രമം നേരത്തെ തന്നെ ഈ കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ പലവിധ സുരക്ഷാ പ്രശ്‌നങ്ങളാല്‍ പലതും പ്രായോഗികമായില്ല. ഒടുവിലാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗത്തിലൂടെ സ്മാര്‍ട്ട് ഫോണ്‍ ആപ് തയാറാക്കുന്നത്. പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ ഫോണില്‍ ഈ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. വയര്‍ലസ് സംവിധാനമുള്ള സോഫ്റ്റ്‌വെയറില്‍ നിന്നും അധികൃതര്‍ക്ക് പാസ്‌പോര്‍ട്ട് പരിശോധന എളുപ്പമാകും. ഇതില്‍ നിന്നും പാസ്‌പോര്‍ട്ട് കോപ്പി ചെയ്യാനോ മറ്റൊരാള്‍ക്ക് ഉപയോഗിക്കാനോ സാധിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. അന്തിമ പരീക്ഷണ ഘട്ടത്തിലുള്ള ഈ സോഫ്റ്റ്‌വെയറിനു സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ ഉടന്‍ ബ്രിട്ടനില്‍ പ്രാബല്യത്തില്‍ വരുത്തും.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍