ആലപ്പുഴ: നഗരത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാരശാലയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന പ്രതി പോലീസ് പിടിയില്‍. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവിനെയാണ് ആലപ്പുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് ഇന്നലെ ചങ്ങനാശേരിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ 21നായിരുന്നു ജൂവലറിയില്‍ മോഷണം നടന്നത്. കടയിലെത്തി സ്വര്‍ണാഭരണത്തിന്റെ വില സെയില്‍സ്മാനോട് തിരക്കിയ ജോസഫ് മാത്യു സെയില്സ്മാന് ഇയാള്‍ ആവശ്യപ്പെട്ട ആഭരണം എടുക്കാന്‍ തിരിയുന്നതിനിടെ 38 ഗ്രാം തൂക്കമുള്ളവള കൈക്കലാക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കുശേഷം ആഭരണങ്ങളുടെ കണക്കെടുത്തപ്പോഴാണ് വള നഷ്ടപ്പെട്ട വിവരം കടയിലുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് സൗത്ത് പോലീസില്‍ ജൂവലറി അധികൃതര്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജൂവലറിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ ജോസഫ് മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ മോഷണ വിവരം വെളിപ്പെടുകയായിരുന്നു.
ആലുവയിലെ സ്വകാര്യ സ്ഥാപനത്തില്‍ വില്പന നടത്തിയ സ്വര്‍ണം പ്രതിയുമായി തെളിവെടുപ്പു നടത്തിയശേഷം പോലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ സമാനമായ മോഷണങ്ങള്‍ വിവിധ സ്വര്‍ണാഭരണ ശാലകളില്‍ ഓട്ടോഡ്രൈവര്‍ കൂടിയായി ജോസഫ് മാത്യു നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കും.