സൗജന്യ വീട് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുമ്പളങ്ങി സ്വദേശിനി അറസ്റ്റില്‍

ekm-thattippuആലുവ: സൗജന്യമായി വീടും പുരയിടവും നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം വാങ്ങി ചതിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍. കുമ്പളങ്ങി കോളരിയ്ക്കല്‍ വീട്ടില്‍ ജോയുടെ ഭാര്യ ഓമന(51) യെയാണ് ആലുവ ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നിര്‍ദേശ പ്രകാരം വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ – അമേരിക്ക ട്രസ്റ്റ് മുഖേന നിരാലംബര്‍ക്ക് സൗജന്യമായി വീടും പുരയിടവും നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വരാപ്പുഴ ഭാഗത്തെ പലരില്‍ നിന്നും പണം തട്ടിയെടുത്തതായി സൂചനയുണ്ട്.

കോടികള്‍ വിദേശഫണ്ടായി ലഭിച്ചിട്ടുള്ള ട്രസ്റ്റ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീടും പുരയിടവും നല്‍കുമെന്ന് ഓമന പലരെയും പറഞ്ഞു വിശ്വസിപ്പിച്ചു. ആനുകൂല്യം ലഭിക്കാന്‍ 10,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 50 മുതല്‍ 60 ലക്ഷം രൂപവരെ വിലയുള്ള വീടും പുരയിടവും ഇടനിലക്കാര്‍ മുഖേന കാണിച്ച് ടോക്കണ്‍ തുക നല്‍കി വിശ്വാസം നേടുകയും ചെയ്തിരുന്നു. പിന്നീട് പലപ്പോഴായി ഡോക്യുമെന്റേഷന്‍ ഫീസ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുന്നതായിരുന്നു പതിവ്. ഇത്തരത്തില്‍ ഓമനയുടെ ചതിയില്‍പ്പെട്ട് വഞ്ചിതരായവരാണ് പോലീസില്‍ പരാതി നല്‍കിയത്.

വരാപ്പുഴ സ്വദേശികളായ ടെസി എന്ന സ്ത്രീയുടെ ഏഴരലക്ഷം രൂപ സജിയുടെ അമ്പതിനായിരം വിനോദിന്റെ 24,000, സോഫി സ്റ്റെഫ എന്നിവരില്‍ നിന്നും 3,75,000 രൂപയോളം ഓമന ചതിച്ച് വാങ്ങിയതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ കൈപ്പറ്റിയ പണം ട്രസ്റ്റിന്റെ നടത്തിപ്പുകാരിയായ ബാംഗളൂരില്‍ താമസിക്കുന്ന ഷേര്‍ളിക്ക് കൈമാറുന്നതായിട്ടാണ് പ്രതി പോലീസിനോട് പറയുന്നത്. ബാംഗളൂര്‍ കേന്ദ്രമാക്കി ഷേര്‍ളിയുടെ നേതൃത്വത്തില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും സംശയമുണ്ട്. ഓമനയുടെ മൊഴിപ്രകാരം അന്വേഷണം ബാംഗളൂരിലേക്ക് വ്യാപിപ്പിച്ചതായും ഷെര്‍ളിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായും ആലുവ ഡിവൈഎസ്പി റസ്റ്റം രാഷ്ട്രദീപികയോട് പറഞ്ഞു.

നോര്‍ത്ത് പറവൂര്‍ സിഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള വാരപ്പുഴ എസ്‌ഐ ഷാരോണ്‍, ക്ലീറ്റസ്, വനിതാ ഓഫീസര്‍മാരായ സ്വപ്‌ന, ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിലാക്കി റിമാന്റ് ചെയ്തു. വരാപ്പുഴ ഭാഗത്ത് സമാനരീതിയില്‍ ചതിക്കപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Related posts