വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇരട്ട സഹോദരന്‍ മരിച്ചു ! രണ്ടാഴ്ച മുമ്പ് അമ്മയെയും രണ്ടു ദിവസം മുമ്പ് അച്ഛനെയും കോവിഡ് കൊണ്ടുപോയതോടെ ആരോരുമില്ലാതായി; 10 വയസുകാരന്‍ അലന്‍ കേരളത്തിന്റെ വേദനയാകുമ്പോള്‍…

രണ്ടാഴ്ചയ്ക്കിടെ അച്ഛന്റെയും അമ്മയുടെയും ജീവന്‍ കോവിഡ് എടുത്തപ്പോള്‍ ആ ചെറിയ വീട്ടില്‍ അലന്‍ എന്ന പത്തുവയസുകാരന്‍ തനിച്ചായി.

മണലൂര്‍ അയ്യപ്പന്‍കാവ് ചുള്ളിപ്പറമ്പില്‍ സുഭാഷും ഭാര്യ ജിജിയും കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളര്‍ത്തിയ പൊന്നോമന ഈ ലോകത്ത് തനിച്ചായത്.

കോവിഡ് ബാധിതനായ സുഭാഷ് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിന് രണ്ടാഴ്ച മുമ്പ് അമ്മ ജിജിയും കോവിഡ് ബാധിച്ച് മരിച്ചു. ഇരട്ട സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അസുഖം മൂലം മരിച്ചിരുന്നു.

അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമായി. ഉറ്റവരെ എല്ലാം കോവിഡ് കവര്‍ന്നതോടെ അലന്‍ തനിച്ചാകുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് അലന്റെ അച്ഛന്‍ സുഭാഷിന് മണലൂര്‍ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയില്‍ സ്ഥിരനിയമനം കിട്ടിയത്.

ആ ശമ്പളത്തിന്റെ പിന്‍ബലത്തിലാണ് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു ചെറിയ വീട് കെട്ടിപ്പൊക്കിയത്. അങ്ങനെ ജീവിതം സന്തോഷത്തിന്റെ തീരത്തെത്തിയപ്പോഴാണ് വിധി കോവിഡിന്റെ രൂപത്തില്‍ സകലതും തകര്‍ത്തു കളഞ്ഞത്.

അലന്റെ അമ്മ ജിജിക്കാണ് ആദ്യം കോവിഡ് ബാധിച്ചത്. എന്നാല്‍ കോവിഡ് ആണെന്ന് അറിഞ്ഞിരുന്നില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് ജിജി മരിച്ചത്.

അതിന്റെ ചടങ്ങ് കഴിഞ്ഞയുടന്‍ സുഭാഷ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. എന്നാല്‍, പിന്നീട് സ്ഥിതി വഷളായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സുഭാഷിന്റെ സഹോദരനും അടുത്ത കാലത്ത് മരിച്ചു.

നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനും പൊതുപ്രവര്‍ത്തകനുമായിരുന്നു സുഭാഷ്. മണലൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് അലന്റെ വീട്.

ഇപ്പോള്‍ വാര്‍ഡ് അംഗം രാഗേഷ് കണിയാംപറമ്പിലിന്റെയും നാട്ടുകാരുടെയും തണലുണ്ട് അലന്. മണലൂര്‍ സെയ്ന്റ് ഇഗ്നേഷ്യസ് യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Related posts

Leave a Comment