ഒരു നൂറ്റാണ്ടിനപ്പുറത്തെ റിക്കാര്‍ഡ് ചൂടാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ സ്‌പേസ് ഏജന്‍സി നാസ. നാസയുടെ പ്രതിമാസ അന്തരീക്ഷ താപനില വിലയിരുത്തല്‍ സംഘമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ചൂട് 2015 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 0.16 ഡിഗ്രി സെല്‍ഷ്യസ് അധികമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സീസണല്‍ താപനില ആഗോള തലത്തില്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ചസ്ഥായിയില്‍ ആയിരിക്കും.
അടുത്തകാലത്തൊന്നും രേഖപ്പെടുത്താത്ത വിധത്തിലുള്ള ചൂടാണ് പോയ മാസം രേഖപ്പെടുത്തിയത്. 1951-1980 കാലയളവില്‍ രേഖപ്പെടുത്തിയ ചൂടിനേക്കാളും 0.98 ഡിഗ്രി സെല്‍ഷ്യസ് അധിക ചൂടായിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 6,300 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നു ശേഖരിച്ച വിവരങ്ങളില്‍നിന്നാണ് നാസയുടെ ഗോഡാര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് സ്റ്റഡീസ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.
