3,700 വർഷം പഴക്കമുള്ള ചീപ്പ് കണ്ടെത്തി! അതിൽ എഴുതിയിരിക്കുന്നതാണ് രസകരം…

cheeഇസ്രായേലിൽ ഒരു ചീപ്പ് കണ്ടെത്തിയിരിക്കുന്നു! ഇതിലെന്ത് പുതുമ എന്നല്ലേ, പഴക്കമാണ് ചീപ്പിനെ താരമാക്കിയിരിക്കുന്നത്.

ഏകദേശം 3,700 വർഷം മുൻപ് ആനക്കൊന്പിൽ തീർത്തതാണ് ചീപ്പ് എന്നാണ് വിലയിരുത്തൽ.

ഇസ്രായേലിലെ ടെൽ ലാഖിഷിൽ നടത്തിയ ഖനനത്തിലാണ് ബിസി 1700ൽ നിർമിച്ചതെന്നു കരുതുന്ന ചീപ്പ് കണ്ടെടുത്തത്.

ചീപ്പിലെ ലിഖിതങ്ങളാണ് മറ്റൊരു പുതുമ. “ഇത് തലമുടിയിലെയും താടിയിലെയും പേനുകളെ വേരോടെ പിഴുതെറിയട്ടെ’ എന്ന ആശംസ ചീപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഇസ്രായേലിലെ ആദിവാസികളായ കാനാന്യരുടെ കാനാന്യ ഭാഷയിലാണ് ഇത് കുറിച്ചിരിക്കുന്നത്. അന്നാട്ടിൽ ഈ ഭാഷയിൽ എഴുതപ്പെട്ട ആദ്യ ലിഖിതമായി ഇതു വിലയിരുത്തപ്പെടുന്നു.

ആനക്കൊമ്പിൽ തീർത്ത ചീപ്പിന് 2.5-3.5 സെന്‍റി മീറ്റർ മാത്രമാണ് വലിപ്പം. ചീപ്പിന് ഇരുവശത്തും പല്ലുകളുണ്ട്. മധ്യഭാഗം നശിച്ചനിലയിലാണ്.

ചീപ്പിൽ 17 കാനാന്യ അക്ഷരങ്ങളുണ്ട്. ഇസ്രായേലിൽ കാനാന്യ ഭാഷയിൽ കണ്ടെത്തിയ ആദ്യത്തെ വാക്യമാണിത്.

സിറിയയിലെ ഉഗാരിറ്റിൽ കാനാന്യർ ഉണ്ട്, പക്ഷേ അവർ എഴുതുന്നത് മറ്റൊരു ലിപിയിലാണ്. അത് ഇന്ന് ഉപയോഗിക്കുന്ന അക്ഷരമാലയല്ല.

3,700 വർഷങ്ങൾക്ക് മുമ്പ് ദൈനംദിന കാര്യങ്ങളിൽ അക്ഷരമാല ഉപയോഗിച്ചതിന്‍റെ പ്രധാന തെളിവു കൂടിയാണ് ചീപ്പിലെ ലിഖിതം.

മനുഷ്യന്‍റെ എഴുതാനുള്ള കഴിവിന്‍റ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിതെന്നു ഗവേഷകർ വിലയിരുത്തുന്നു.

മരം, എല്ല്, ആനക്കൊമ്പ് എന്നിവയിൽനിന്നാണ് പുരാതനകാലത്തു ചീപ്പുകൾ നിർമിച്ചിരുന്നത്. അക്കാലത്തു ചീപ്പ് വളരെ ചെലവേറിയതും ഇറക്കുമതി ചെയ്ത ആഡംബര വസ്തുവും ആയിരുന്നു.

ചീപ്പ് കണ്ടെത്തിയ പ്രദേശത്ത് അക്കാലത്ത് ആനകൾ ഇല്ലാതിരുന്നതിനാൽ, ആനക്കൊന്പ് സമീപ രാജ്യമായ ഈജിപ്തിൽനിന്നാണ് വന്നിരുന്നത്.

ഖനനം നടന്ന ലാഖിഷ് എന്ന പ്രദേശം ഇപ്പോൾ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക് അഥോറിറ്റിയുടെ കീഴിൽ ദേശീയോദ്യാനമാണ്.

ജോസഫ് ഗാർഫിങ്കൽ, മൈക്കൽ ഹാസൽ, മാർട്ടിൻ ക്ലിംഗ്ബെയിൽ എന്നിവരുടെ നേതൃത്വത്തിൽ ജെറൂസലെമിലെ ഹീബ്രു സർവകലാശാലയിലെയും ടെന്നസിയിലെ സതേൺ അഡ്വെന്‍റിസ്റ്റ് സർവകലാശാലയിലെയും സംഘമാണ് ചീപ്പ് കുഴിച്ചെടുത്തത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിലെ റിസേർച്ച് അസോസിയേറ്റ് ആയ ഡോ. മിറിയം ലാവി ചീപ്പ് സൂഷ്മതയോടെ വൃത്തിയാക്കിയ ചീപ്പിലെ ലിഖിതം, ബെൻഗുറിയൻ യൂണിവേഴ്സിറ്റി ഓഫ് നെഗേവിലിലെ സെമിറ്റിക് എപ്പിഗ്രാഫിസ്റ്റ് ഡോ. ഡാനിയൽ വെയിൻസ്റ്റബ് വ്യാഖ്യാനിച്ചെടുത്തു.

പ്രഫ. റിവ്ക റാബിനോവിച്ച്, പ്രഫ. യുവാൽ ഗോറൻ എന്നിവർ നടത്തിയ പരിശോധനയിൽ ചീപ്പ് ആനക്കൊമ്പിലാണ് തീർത്തതെന്നും കണ്ടെത്തി.

ഖനനം നടന്നതു 2017ൽ ആണെങ്കിലും 2022ൽ നടത്തിയ തുടർപഠനത്തിലാണ് എഴുത്ത് ശ്രദ്ധിച്ചത്.

ലിഖിതത്തിലെ അക്ഷരങ്ങൾ വളരെ കനം കുറഞ്ഞ രീതിയിലാണ് കൊത്തിവച്ചിരിക്കുന്നത്. ഈ കണ്ടെത്തലുകൾ ജെറൂസലെം ജേണൽ ഓഫ് ആർക്കിയോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment