ഇഷ്ടം പോലെ പരസ്യങ്ങള്‍ ടിവിയില്‍ കാണിച്ചിട്ടും എയര്‍ടെലിന്റെ കഷ്ടകാലം മാറുന്നില്ല; 31 ദിവസത്തിനിടെ നഷ്ടമായത് 5.7 കോടി വരിക്കാരെ; കോളടിച്ചത് അംബാനിക്ക്

ടെലികോം സേവനദാതാക്കളായ എയര്‍ടെലിന് 2018 ഡിസംബറില്‍ നേരിട്ടത് കനത്ത തിരിച്ചടി. ഈ ഒരൊറ്റ മാസം കൊണ്ട് 5.7 കോടി ഉപയോക്താക്കളെയാണ് കമ്പനിയ്ക്ക് നഷ്ടമായത്. എയര്‍ടെല്‍ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്കമാക്കിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് 28.42 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളായിരുന്നു നവംബറില്‍ എയര്‍ടെലിനുണ്ടായിരുന്നത്.

ഡിസംബര്‍ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. 28 കോടി ഉപയോക്താക്കളാണ് ഡിസംബര്‍ അന്ത്യത്തില്‍ ജിയോയ്ക്കുണ്ടായിരുന്നത്. 4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്.

Related posts