61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് മുന്‍ അധ്യാപകന്‍ ! ഒടുവില്‍ മകന്റെ ഉപദേശത്തില്‍ സീറ്റ് ഉപേക്ഷിച്ചു…

ചിലര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രായമേറിയാലും ചെയ്യാന്‍ അവര്‍ക്ക് മുമ്പില്‍ പ്രായമൊരു പ്രശ്‌നമാകില്ല.

പുതുതലമുറയ്ക്ക് അവസരം നല്‍കാന്‍ മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച് എംബിബിഎസ് സീറ്റു വിട്ടുകൊടുത്ത മുന്‍ അധ്യാപകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് (61) മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്.

ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ശിവപ്രകാശം മടങ്ങി.

സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു.

നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു.

ഇതനുസരിച്ച് 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ഉറപ്പായിരുന്നു. എന്നാല്‍, ആ സീറ്റ് വിട്ടുകൊടുത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച മറ്റൊരു യുവവിദ്യാര്‍ഥിക്ക് അവസരം നല്‍കാനായിരുന്നു കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്റെ ഉപദേശം.

”മെഡിക്കല്‍ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വര്‍ഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാല്‍, ചെറുപ്പക്കാരായവര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാനാകും. വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നനിലയ്ക്ക് മറ്റൊരു വിദ്യാര്‍ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ കാരണം, ഒരു വിദ്യാര്‍ഥിക്ക് സീറ്റു ലഭിച്ചല്ലോയെന്ന സന്തോഷത്തില്‍ തിരിച്ചുപോകുന്നു.” ശിവപ്രകാശം പറഞ്ഞു.

Related posts

Leave a Comment