തെരുവുനായ്ക്കളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ച് 65വയസുകാരി ! പ്രതിമാദേവി ദിവസവും തീറ്റിപ്പോറ്റുന്നത് 400ല്‍ അധികം തെരുവുനായ്ക്കളെ; വീഡിയോ വൈറലാവുന്നു…

തെരുവുനായ്ക്കളെ ആളുകള്‍ കല്ലെറിഞ്ഞോടിക്കുമ്പോള്‍ തെരുവു നായ്ക്കളെ മക്കളെപ്പോലെ സ്‌നേഹിക്കുകയാണ് പ്രതിമാദേവി എന്ന ഡല്‍ഹി സ്വദേശിനി. 400ല്‍ അധികം തെരുവു നായ്ക്കളെയാണ് ഇവര്‍ തീറ്റിപ്പോറ്റുന്നത്. നായ്ക്കള്‍ക്ക് ഇവര്‍ അമ്മയെപ്പോലെയാണ്.65കാരിയായ ഇവരുടെ വീടിനു ചുറ്റുമായി 120ലധികം നായ്ക്കളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇതാണ് തന്റെ ജീവിതമെന്നും ആളുകള്‍ ഇക്കാര്യത്തില്‍ പലതും പറയാറുണ്ടെങ്കിലും അതെല്ലാം തന്നെ കൂടുതല്‍ ധൈര്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിമാദേവി പറയുന്നു. താനൊരു ചായക്കട തുടങ്ങിയപ്പോഴാണ് ആദ്യമായി രണ്ടു നായ്ക്കള്‍ ഇവിടെ വരുന്നതെന്ന് പ്രതിമാദേവി പറയുന്നു. എന്നാല്‍ തന്റെ കട തകര്‍ന്നതോടെ താനും അവരും പട്ടിണിയായെന്നും പ്രതിമാദേവി പറയുന്നു. പിന്നീട് ചവറുകൂനയില്‍ നിന്നും മാംസം ശേഖരിച്ച് അവര്‍ക്കു നല്‍കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.

പിന്നീട് ചായക്കട പുനരാരംഭിച്ച ഇവര്‍ ദിവസവും നായ്ക്കള്‍ക്ക് പാലും മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കിവരുന്നു. 18 വയസുള്ള വിവേക് എന്ന പയ്യനും ഇപ്പോള്‍ ഇവരുടെ സഹായത്തിനുണ്ട്. ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ടെന്നും ഭര്‍ത്താവുമായി പിണക്കത്തിലാണെങ്കിലും കുട്ടികള്‍ തന്നെ ഗ്രാമത്തിലേക്ക് മടങ്ങിച്ചെല്ലാന്‍ വിളിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അത് ശ്രദ്ധിക്കാറില്ലെന്നും ഇവിടെ നായ്ക്കളോടൊപ്പം കഴിയുന്നതില്‍ താന്‍ അതീവസന്തുഷ്ടയാണെന്നും പ്രതിമാദേവി പറയുന്നു. നായ്ക്കളോടൊപ്പമുള്ള ഇവരുടെ ജീവിതത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related posts