ജോലിയുടെ ആദ്യ ദിനം തന്നെ വൈകിയെത്താതിരിക്കുവാൻ നാലുമണിക്കൂറോളം നടക്കുവാൻ തീരുമാനിച്ച തൊഴിലാളിക്ക് പുതിയ കാർ സമ്മാനിച്ച് കമ്പനി സിഇഒ. അമേരിക്കയിലെ അലാബാമ സ്വദേശിയായ വാൾട്ടർ കാർ എന്നയാൾക്കാണ് ഈ അപൂർവ ഭാഗ്യം സിദ്ധിച്ചത്.
ബെൽഹോപ്സ് എന്ന കമ്പനിയിലാണ് വാൾട്ടറിന് ജോലി ലഭിച്ചത്. ജോലിയുടെ ആദ്യ ദിനത്തിന്റെ തലേന്ന് തന്റെ വാഹനം തകരാറിലായെന്ന് മനസിലായ വാൾട്ടർ എന്തു ചെയ്യണമെന്ന് തലപുകഞ്ഞ് ആലോചിച്ചു. വീട്ടിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ വാൾട്ടറിന് കമ്പനിയിൽ എത്തുവാൻ പറ്റുമായിരുന്നുള്ളു.
തുടർന്ന് കൃത്യസമയത്ത് തന്നെ ജോലിയിൽ എത്തുവാൻ കാൾട്ടർ തലേദിവസം തന്നെ നടക്കുവാൻ ആരംഭിച്ചു. അസമയത്ത് വഴിയിൽ കൂടി നടക്കുന്ന വാൾട്ടറിനെ കണ്ട പോലീസുദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ച് കാര്യം അന്വേഷിച്ചു. സംഭവം കേട്ട് സ്തംഭിച്ചു പോയ പോലീസുദ്യോഗസ്ഥർ അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നൽകിയതിനു ശേഷം ഈ കമ്പനിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് കമ്പനി അധികൃതരെ ഈ കാര്യം അറിയിക്കുകയും ചെയ്തു. ജീവനക്കാരിലൊരാൾ കാൾട്ടറിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുകയും ഇത് കമ്പനി സിഇഒ ലൂക്ക് മാർക്ലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
ജോലിയോടുള്ള കാൾട്ടറിന്റെ ആത്മാർഥത മനസിലാക്കിയ അദ്ദേഹം ഒരു കാർ സമ്മാനിച്ചാണ് കാൾട്ടറിനെ അത്ഭുതപ്പെടുത്തിയത്. മാത്രമല്ല കമ്പനിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കാൾട്ടറിനെ കുറിച്ച് കുറിക്കുകയും ചെയ്തു. ജോലിയോടുള്ള ആത്മാർഥത തന്റെ പ്രവർത്തിയിൽ പ്രതിഫലിപ്പിച്ച കാൾട്ടർ ഇപ്പോൾ സോഷ്യൽമീഡിയായിൽ ഹീറോ ആയിമാറിയിരിക്കുകയാണ്.