ബെന്നി ചിറയില്‍
മാടപ്പള്ളി: മധുവിധു തീരുംമുമ്പ് ലിന്‍സനു ചിക്കുവിനെ നഷ്ടമായി. ചിക്കുവിന്റെ വിയോഗം മാടപ്പള്ളി വെങ്കോട്ട ആഞ്ഞിലിപറമ്പില് വീടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞ് ആഞ്ഞിലിപ്പറമ്പില്‍ വീട്ടിലെത്തുന്നവര്‍ക്കു ലിന്‍സന്റെ മാതാപിതാക്കളായ കുഞ്ഞുമോന്- ലിസമ്മ ദമ്പതികളെ ആശ്വസിപ്പിക്കാനാവുന്നില്ല.
കുഞ്ഞുമോന്റെയും ലിസമ്മയുടെയും മൂത്തമകന് ലിന്‍സന്റെ ഭാര്യ ചിക്കു ഒമാനിലെ ഫഌറ്റില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് ഇനിയും കുടുംബം മുക്തരായിട്ടില്ല. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു ചിക്കുവിന്റെ വിയോഗം സംബന്ധിച്ച വിവരം ഫോണിലൂടെ ആഞ്ഞിലിപ്പറമ്പില്‍ വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്നതിനാല്‍ കുഞ്ഞുമോനും ലിസമ്മയ്ക്കും മരുമകള്‍ മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനായില്ല. മറ്റൊരു ബന്ധുകൂടി ഫോണില്‍ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ യാഥാര്‍ഥ്യമെന്നു തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ലിന്സണ്ന്റെയും അങ്കമാലി കറുകുറ്റി ഏറോകോണില് റോബര്‍ട്ട- സോഫിയ ദമ്പതികളുടെ മകള്‍ ചിക്കുവും തമ്മിലുള്ള വിവാഹം നടന്നത്. അവധി തീര്‍ന്നതിനാല്‍ ദിവസങ്ങള്‍ക്കകം ഇവര്‍ ഒമാനിലേക്കു പോയി ജോലിയില്‍ പ്രവേശിച്ചു. സലാലയിലെ ബദര്‍ സല്‍മ ആശുപത്രിയിലെ ജീവനക്കാരാണ് ഇരുവരും. ലിന്സണ് ഓഫീസ് സ്റ്റാഫും ചിക്കു നഴ്സുമാണ്.
ലിന്സണ് പകലും ചിക്കുവിനു രാത്രിയിലുമാണു ജോലി. ബുധനാഴ്ച രാത്രി ചിക്കു രാത്രി ജോലിക്കെത്താന്‍ വൈകിയപ്പോള്‍ ആശുപത്രി അധികൃതര്‍ ലിന്‍സണെ വിവരമറിയിച്ചു. ചിക്കുവിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതെ വന്നപ്പോള്‍ ആശുപത്രിക്കടുത്തുള്ള ഫഌറ്റില്‍ ലിന്സണ് എത്തി. അപ്പോഴാണു കട്ടിലില്‍ കമിഴ്ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന ചിക്കുവിനെ കണ്ടെത്തിയത്. തട്ടി വിളിച്ചിട്ടു ചിക്കു എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ ലിന്സണ് ചിക്കുവിനെ എഴുന്നേല്‍പ്പിച്ചു. അപ്പോള്‍ ചിക്കുവിന്റെ വയറ്റിലെ മുറിപ്പാടില്‍നിന്നു ചോരയൊഴുകുന്ന നിലയിലായിരുന്നു.
ഉടന്‍തന്നെ ലിന്സണ് ഒമാനിലുള്ള സഹോദരന് ലിജുവിനെയും മാതൃസഹോദരന്‍ അപ്പച്ചനെയും വിവരം അറിയിച്ചു. അപ്പച്ചന് ലിന്‍സന്റെ പിതാവ് കുഞ്ഞുമോന്റെ തുരുത്തിയിലുള്ള സഹോദരി ഭര്‍ത്താവ് വക്കച്ചനെ വിവരം അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയാണു വക്കച്ചന് ലിന്‍സന്റെ പിതാവ് കുഞ്ഞുമോനെ വിവരമറിയിച്ചത്. മരുമകളുടെ മരണ വാര്‍ത്ത കുഞ്ഞുമോനും ലിസമ്മയ്ക്കും താങ്ങാനായില്ല. നാലുമാസം ഗര്‍ഭിണയായ ചിക്കുവിന്റെ വിവരങ്ങള്‍ ബുധനാഴ്ച രാത്രിയിലും കുഞ്ഞുമോനും ലിസമ്മയും ലിന്‍സണെ വിളിച്ചു തിരക്കിയിരുന്നു.
ചിക്കുവിന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്നു മുക്തനാകാത്ത ലിന്‍സണെ സലാലയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അവിടെയുള്ള ബന്ധുക്കള്‍ അറിയിച്ചതായി പിതാവ് കുഞ്ഞുമോന് പറഞ്ഞു. മോഷണമാകാം കൊലപാതകത്തിനു പിന്നിലെന്നും ചിക്കുവിന്റെ കഴുത്തിലെ മാലയും കാതിലെ കമ്മലും നഷ്ടമായതായി ഒമാനിലുള്ള ബന്ധുക്കള്‍ പറഞ്ഞതായും ചെവികള്‍ അറുത്തുമാറ്റിയ നിലയിലാണെന്നും കുഞ്ഞുമോന് പറഞ്ഞു.
അങ്കമാലിയില്‍നിന്നു ചിക്കുവിന്റെ ബന്ധുക്കള്‍ ഇന്നു രാവിലെ മാടപ്പള്ളിയിലുള്ള വീട്ടിലെത്തി. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രവാസികാര്യവകുപ്പ് മന്ത്രി കെ.സി.ജോസഫ് എന്നിവര്‍ വഴി കേന്ദ്ര പ്രവാസികാര്യ വകുപ്പുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കുമെന്നു സി.എഫ്. തോമസ് എംഎല്‍എ ബന്ധുക്കളെ അറിയിച്ചു.
മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും; സംസ്കാരം കറുകുറ്റിയില്‍
അങ്കമാലി: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചിക്കുവിന്‍െറ മാതൃ സഹോദരന് ഷിബുവിന്റെ ഇടപെടല്‍ മൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് നോര്‍ക്കയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കി വരുന്നത്. തിങ്കളാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി ക്രിസ്തുരാജാശ്രമം പള്ളിയിലായിരിക്കും സംസ്കരിക്കുക.
മൃതദേഹം ചിക്കുവിന്റെ നാട്ടില്‍ സംസ്കരിക്കുന്നതു സംബന്ധിച്ച് ഭര്‍ത്താവ് ലിന്സന് തോമസിന്റെ വീട്ടുകാരുമായി തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിനെത്തുന്ന മകളെ കാത്തിരുന്ന റോബര്‍ട്ടിന്റെ കുടുംബത്തെ തേടിയെത്തുന്നത് ചിക്കുവിന്‍െറ ചേതനയറ്റ ശരീരമാണ്.
ഹൃദയം പൊട്ടുന്ന നൊമ്പരത്തില്‍ നിന്ന് റോബര്‍ട്ടിന്റെ കുടുംബം മുക്തരായിട്ടില്ല. നാടിനെ നടുക്കിയ സംഭവത്തിന്റെ ദു:ഖത്തിലാണ് കുറുകുറ്റി അസീസി നഗറും. മൃതദേഹം ഏറ്റു വാങ്ങി വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനും പള്ളിയില്‍ സംസ്കരിക്കുന്നതിനുമായ ഒരുക്കങ്ങളും ബന്ധുക്കളും, നാട്ടുകാരും പൂര്‍ത്തിയാക്കി വരികയാണ്.