പൂനെ: മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ചു. പൂനെയിലെ ഹിൻജെവാഡിയിലെ ലക്ഷ്മി ചൗക്കിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രരിക്കുന്നുണ്ട്.
വ്യാപരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജ്വല്ലറിയിലേക്ക് മൂന്നംഗ കവർച്ചാ സംഘം എത്തിയത്. സംഘത്തിലെ ഒരാൾ ബാഗിൽനിന്നു തോക്കെടുത്ത് ഉടമയ്ക്കുനേരേ നീട്ടി. പിന്നാലെ കോളറിൽ പിടിച്ച് വലിച്ചിട്ട് ഭീഷണിപ്പെടുത്തി.
മറ്റൊരാൾ ബാഗുമായി കൗണ്ടറിന് മുകളിൽ കയറി സ്വർണാഭരണങ്ങൾ കവർന്നു. കൂട്ടാളിയും ആഭരണങ്ങൾ ബാഗിലാക്കി. എല്ലാം 20 സെക്കൻഡിനുള്ളിൽ കഴിഞ്ഞു. കവർച്ചാ സംഘം സ്ഥലം വിടുന്നതിനിടെ ജ്വല്ലറി ഉടമ കൈയിൽ കിട്ടിയ സ്പാനറുമായി അവരുടെ പിന്നാലെ ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
എന്നാൽ കള്ളന്മാർ ബൈക്കിൽ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷണം പോയതായി ഉടമ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.