ജില്ലയില്‍ 124 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിച്ചത് 24 പേര്‍

KLM-ELECTIONകൊച്ചി: ജില്ലയിലെ 14 നിയമസഭ  മണ്ഡങ്ങളിലേയും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ആകെ പത്രിക സമര്‍പ്പിച്ചത് 148 പേരാണ്. പത്രിക പിന്‍വലിക്കേണ്ടഅവസാന ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനകം 24 പേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 124 ആയി.  എല്ലാ മണ്ഡലങ്ങളിലും വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചതോടെ തെരഞ്ഞെടുപ്പു രംഗം ഉണര്‍ന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയാണ്.

അന്ന് ജില്ലയില്‍ 107 സ്ഥാനാര്‍ഥികളാണ് (100 പുരുഷന്മാരും, ഏഴു സ്ത്രീകളും) രംഗത്തുണ്ടായിരുന്നത്. ഇത്തവണ മത്സരരംഗത്ത് 112 പുരുഷന്മാരും 12 സ്ത്രീകളുമാണ്. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മാത്രമാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളുടേതായി മത്സരരംഗത്തുണ്ടായിരുന്നത്. ഇക്കുറി അത് നാലായിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലായി മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്തോളം അപരന്മാരും മത്സര രംഗത്തുണ്ട്.

കഴിഞ്ഞ തവണ 10 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്ന അങ്കമാലിയില്‍ ഇക്കുറി എട്ടായും കളമശേരിയില്‍ ഒമ്പതായും കുറഞ്ഞപ്പോള്‍ ആലുവയില്‍ 11 ആയി ഉയര്‍ന്നു. കഴിഞ്ഞതവണ ഏഴുപേര്‍ മത്സരിച്ച പറവൂരില്‍ ഇക്കുറി എട്ടുപേരും തൃക്കാക്കരയില്‍ 11 പേരും. 2011ല്‍ ആറുപേര്‍ മത്സരിച്ച വൈപ്പിന്‍, എറണാകുളം, പിറവം എന്നിവടങ്ങളില്‍ ഇക്കുറി യഥാക്രമം 10ഉം, എട്ടും ഏഴുമാണ്.

കഴിഞ്ഞതവണ ഒമ്പതുപേര്‍ വീതം മത്സരിച്ച കൊച്ചിയിലും തൃപ്പൂണിത്തുറയിലും ഇക്കുറി യഥാക്രമം 10ഉം 13 ഉം ആണ് സ്ഥാനാര്‍ഥികള്‍. 2011ല്‍ അഞ്ചുപേര്‍ മത്സരിച്ച കുന്നത്തുനാട്ടില്‍ ഇപ്പോള്‍ ഏഴുപേരാണ് രംഗത്തുള്ളത്. അന്ന് അഞ്ചുപേര്‍ മത്സരിച്ച മൂവാറ്റുപുഴയില്‍ ഇപ്പോള്‍ ആറു പേരുണ്ട്. കഴിഞ്ഞതവണ 10 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്ന കോതമംഗലത്ത് ഇത്തവണ എട്ടായി ചുരുങ്ങി.

Related posts