കൊല്ലം: സർക്കാർ സ്പോണ്‍സേർഡ് ആചാരലംഘനവും കലാപവുമാണ് ശബരിമലയിൽ സംഭവിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു.പ്രളയാനന്തര കേരളത്തിൽ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനു പകരം അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിൽ കയറ്റി ആചാരലംഘനം നടത്തുന്നതിനാണ് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും താല്പര്യം.
കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം സംഘർഷഭരിതമാക്കുവാൻ സർക്കാർ സ്പോണ്‍സേർഡ് ആചാരലംഘനത്തിനും കലാപത്തിനുമെതിരെ മതേതര ജനാധിപത്യ ബോധമുളള സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തിലൂടെ വിശ്വാസി സമൂഹത്തിനുണ്ടായ മുറിവ് ഉണക്കുവാൻ കഴിയാത്തവണ്ണം ആഴമേറിയതാണ്. ജാതീയമായും മതപരമായും ജനങ്ങക്കിടയിൽ വിദേഷ്വം വളർത്തുന്നതിനു യുവതീപ്രവേശനത്തെ ആയുധമാക്കിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാട് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.
വിശ്വാസി സമൂഹത്തിന്റെ മനസിനെ കുത്തി മുറിവേല്പിച്ച് ആചാരലംഘനം നടത്തുന്നതിന് നേതൃത്വം നൽകിയ സിപിഎമ്മും സംസ്ഥാന സർക്കാരും കനത്ത വില നൽകേണ്ടിവരും. സമൂഹത്തിൽ സമാധാനവും സൗഹാർദവും നിലനിർത്താൻ ബാധ്യതയുളള സർക്കാർ അവിശ്വാസികളായ ചിലരുടെ ധാർഷ്ഠ്യം നിറവേറ്റുവാൻ ഭരണസംവിധാനം ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യാം എന്നതിന്റെ തെളിവു കൂടിയാണ് ശബരിമല യുവതീപ്രവേശനം.
സംസ്ഥാനത്ത് മതസൗഹാർദവും സമാധാനവും നിലനിർത്താൻ ഉത്തരവാദിത്വമുളള ഭരണാധികാരികൾ അത് തകർക്കുന്നതിനു നേതൃത്വം നൽകുന്നത് അപലപനീയമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.