നെയ്യാറ്റിന്‍കര: പാര്‍ട്ടി തല വിഭാഗീയതക്കും അഴിമതിക്കും എതിരെ പ്രതികരിച്ചപ്പോഴാണ് സിപിഎമ്മിന്റെ നേതൃത്വത്തിന് താന്‍ അനഭിമതനായതെന്ന വാചകത്തോടെയാണ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്. ശെല്‍വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനും തന്നെയും തന്റെ കുടുംബത്തെയും ഉന്മൂലനം ചെയ്യാനും സിപിഎം തീരുമാനിച്ചപ്പോഴാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം താന്‍ കൈക്കൊണ്ടതെന്നും ശെല്‍വരാജ് വ്യക്തമാക്കുന്നു.
എംഎല്‍എ സ്ഥാനം രാജിവച്ചതു മുതല്‍ കഴിഞ്ഞ ദിവസം വരെ തനിക്കു നേരെ നടന്നിട്ടുള്ള അക്രമങ്ങള്‍ ഓരോന്നായി ശെല്‍വരാജ് വിവരിക്കുന്നുമുണ്ട്. ചാരോട്ടുകോണത്തും പ്ലാമൂട്ടുക്കടയിലും തനിക്കു നേരെ ജാഥയ്ക്കിടയില്‍ അക്രമമുണ്ടായി. നെയ്യാറ്റിന്‍കരയിലെ തൊഴുക്കലില്‍ തനിക്കെതിരെ കയ്യേറ്റശ്രമം നടന്നു. അതിയന്നൂര്‍ പഞ്ചായത്തിലെ രാമപുരത്ത് തന്നെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു . അരുവിക്കര ഉപതെരഞ്ഞെടുപിന്റെ ഭാഗമായി പൂവച്ചലില്‍ എത്തിയപോള്‍ തന്നെയും ഗണ്മാനെയും ആക്രമിച്ചു.
വര്‍ഗീയ സംഘടനകളുടെ നേതാക്കളെ മുന്നില്‍ നിറുത്തി തന്റെ വീട് ആക്രമിച്ചുവെന്നും ശെല്‍വരാജ് പറയുന്നു. ഉച്ചക്കടയില്‍ കുളത്തൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വാഹനം തന്നോടുള്ള വിദ്വേഷത്തിന്റെ പേരിലാണ് എതിരാളികള്‍ തല്ലിത്തകര്‍ത്തതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എഫ് ബി യിലൂടെ അറിയിച്ചു. ഏറ്റവും ഒടുവില്‍ പൊറ്റയില്ക്കടയില് തന്റെ പ്രചാരണ വാഹനത്തിന്റെ നേരെയുണ്ടായ ആക്രമണത്തില്‍ ഡ്രൈവറുടെ അസാമാന്യമായ മനസാന്നിധ്യം കാരണമാണ് താന്‍ രക്ഷപ്പെട്ടതെന്നും ശെല്‍വരാജ് ചൂണ്ടിക്കാട്ടി.
സ്റ്റാലിന്റെ അധികാര ഭ്രാന്തും സമാനതകളിലാത്ത ക്രൂരതയും പലായനം ചെയ്ത ട്രോട്സ്കിയെ വകവരുത്തും വരെ തുടര്ന്നപോലെ ഒപ്പമുണ്ടായിരുന്ന ചന്ദ്രശേഖരന് പാര്‍ട്ടി വിട്ടപ്പോള്‍ 51 വെട്ടുകളിലുടെ ആ പ്രാണന് എടുത്തകണക്കെ തന്നെയും ഉന്നം വച്ചിരിക്കുകയാണെന്നും ശെല്‍വരാജ് പറയുന്നു. വൈരനിരാതന ബുദ്ധിയോടെ വേട്ടയാടപ്പെടുന്നുവെങ്കിലും പടക്കളത്തില്‍ നിന്നും പ്രാണഭയത്തോടെ പിന്തിരിഞ്ഞ് ഓടുന്ന ഭീരുവല്ല താന്‍ എന്നും ശെല്‍വരാജ് കടുത്ത ഭാഷയില്‍ പ്രതികരിച്ചു.