ചക്കിട്ടപാറ: കേരളത്തിലെ റബ്ബർ കർഷകരുടെ രക്ഷക്കായി കർമ്മപദ്ധതികൾക്കു രൂപം കൊടുത്തതായി മന്ത്രി വി.എസ് സുനിൽകുമാർ. പെരുവണ്ണാമൂഴി ഡാം വൃഷ്ടി പ്രദ്ദേശ സംരംക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു ചക്കിട്ടപാറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബർ വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ സഹകരണവും സഹായവും ഉണ്ടായാൽ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന പദ്ധതികളിൽ വിജയം സുനിശ്ചിതമാണ്. റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇന്ത്യൻ ബ്രാൻഡ് അല്ലെങ്കിൽ കേരള ബ്രാൻഡ് എന്ന നിലയിൽ ഉൽപ്പാദിപ്പിച്ചുവിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കർഷകരുടെ പങ്കാളിത്തത്തോടെ കമ്പനിക്കു രൂപം നൽകിക്കഴിഞ്ഞു. ഇതിന്റെ ആസ്ഥാനം കോട്ടയമാണ്. ഈ പദ്ധതി കേരളത്തിലെ റബ്ബർ കർഷകർക്കു വളരെയധികം ഗുണം ചെയ്യും.
വിലസ്ഥിരതാ ഫണ്ട് 150 രൂപയിൽ നിന്നു 200 ആയി ഉയർത്തപ്പെടണം. ഇതിനു കേന്ദ്ര സർക്കാരിന്റെ സഹായം കൂടി വേണം. കേന്ദ്ര വാണിജ്യ മന്ത്രിയുടെ ശ്രദ്ധയിൽ ഇത് പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 500 കോടി രൂപയാണു റബർ വിലസ്ഥിരത പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. റബ്ബർ കാർഷിക വിളയായി കേന്ദ്രം അംഗീകരിക്കണം. ഇതിനായി വ്യക്തമായ റബർ നയത്തിനു രൂപം നൽകണം.
ഇതിനായി ടാസ്ക് ഫോഴ്സിനു രൂപം നൽകിയിട്ടുണ്ടെങ്കിലും ഇവർ കേന്ദ്ര സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പല കാര്യങ്ങളിലും വ്യക്തതയില്ല. റബ്ബർ നയം സംബന്ധിച്ചു കേരളത്തിന്റെ അഭിപ്രായം കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. റബ്ബർ ഇറക്കുമതിയിൽ വ്യവസായികളുടെ താൽപ്പര്യത്തിനു മാത്രം മുഖ്യ പരിഗണന നൽകുന്നതും കർഷകർക്കു തിരിച്ചടിയാണെന്നു മന്ത്രി സുനിൽ കുമാർ പറഞ്ഞു.