കുറവിലങ്ങാട്: കെഎസ്ടിപിയുടെ അനാസ്ഥയില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണി. റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഓടയ്ക്ക് സ്ലാബിടാത്തതും ഇട്ട സ്ലാബുകള്‍ തകര്‍ന്നതുമാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കുര്യനാട് ജംഗ്ഷന് സമീപവും അതിന് മുന്‍പ് കുറവിലങ്ങാട് ടൗണിലും മൂടിയില്ലാത്ത ഓടയില്‍ വീണ് കാല്‍നടയാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. കുര്യനാട് ചേലയ്ക്കനിരപ്പേല് രാഘവനാ (62)ണ് പരുക്കേറ്റത്. രാഘവന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കുര്യനാട് ടൗണിലെ കുരിശുപള്ളിക്ക് സമീപത്തായുള്ള ഓടയ്്ക്ക് സ്ലാബിടണമെന്ന് ജനകീയ ആവശ്യം ശക്തമായിരുന്നുവെങ്കിലും ചെവിക്കൊള്ളാന്‍ കെഎസ്ടിപിയോ കരാറുകാരോ തയ്യാറാകാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കുര്യനാട് ക്ഷീരോദ്പാദക സഹകരണസംഘത്തിലേക്കുള്ള പ്രവേശനവഴിയിലും സ്ലാബില്ലാത്ത ഓട അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവിടെ അടിയന്തരമായ സ്ലാബ് സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് പലതവണ അധികൃതരോട് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടതാണ്. ക്ഷീരസംഘത്തിലേക്കെത്തുന്ന വാഹനങ്ങള്‍ ജീവന് പണയപ്പെടുത്തിവേണം ഇതുവഴി യാത്രനടത്താന്‍. കോഴാ പ്രദേശത്ത് റോഡ് വികസനത്തിന്റെ ആദ്യഘട്ടത്തില്‍ മൂടിയില്ലാത്ത ഓടയില്‍ വീണ് ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവമുണ്ടായിരുന്നു.
ഇത്തരത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും അലംഭാവം വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണ്. ഗതാഗതതിരക്കേറിയ എം.സി റോഡില്‍ കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓട മൂടിതെന്നിമാറിയ നിലയിലായിട്ട് മാസങ്ങളായിരുന്നു. കാല്‍നടയാത്രക്കാരുടെ കണ്ണൊന്ന് പിഴച്ചാല്‍ ജീവന് നഷ്ടപ്പെടാവുന്ന സാഹചര്യം ശക്തമായതോടെ കഴിഞ്ഞ ദിവസം കല്ലുവെച്ച് സ്ലാബ് താല്‍ക്കാലികമായി ഉയര്ത്തിനിറുത്തിയിരിക്കുകയാണ്. ആയിരക്കണക്കായ വിദ്യാര്‍ത്ഥികളടക്കം കടന്നുപോകുന്ന ദേവമാതാ കോളജ് ജംഗ്ഷനില്‍ ഓടയുടെ സ്ലാബ് തകര്ന്നിരിക്കുന്നതിലൂടെയുണ്ടാകാവുന്ന അപകടമൊഴിവാക്കാന്‍ നാട്ടുകാര്‍ കമ്പും തുണിയും കെട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.