പെരിയാര്‍ മലിനീകരണം: ശ്രീശക്തി പേപ്പര്‍ മില്ലിന് വീണ്ടും അടച്ചുപൂട്ടല്‍ നോട്ടീസ് നല്കും

EKM-PERIYARകളമശേരി: മത്സ്യക്കൂട്ടക്കുരു തിയ്ക്കിടയാക്കിയ വ്യവസായ മാലിന്യം  പെരിയാറിലേക്ക് ഒഴുക്കിവിട്ട എടയാറിലെ  ശ്രീശക്തി പേപ്പര്‍ മില്ലിന് വീണ്ടും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചു.  പെരിയാറില്‍  മത്സ്യങ്ങള്‍ നിരന്തരമായി ചത്തു പൊങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഏലൂര്‍ നഗരസഭാ ഹാളില്‍  ചേര്‍ന്ന  സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം ബോര്‍ഡ്  അറിയിച്ചത്.ശ്രീശക്തി പേപ്പര്‍ മില്ലിന്  ഈ മാസമാദ്യം അടച്ചുപൂട്ടല്‍ നോട്ടീസ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയിരുന്നു.  വ്യവസ്ഥകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ രണ്ടു ദിവസത്തിനകം അനുവാദം നല്‍കി. എന്നാല്‍  അതിനുശേഷം വീണ്ടും മത്സ്യങ്ങള്‍ കൂട്ടത്തോടെ  ചത്തൊടുങ്ങുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ഏലൂര്‍ മേഖലയില്‍  നടന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ ഉപരോധിച്ചതിനെ തുടര്‍ന്ന് ജനകീയസമിതി രൂപീകരിച്ച് കഴിഞ്ഞ ഒമ്പതിന് കമ്പനിയില്‍ പരിശോധന നടത്തി. അതിനുശേഷം കമ്പനിക്ക് 11 നിര്‍ദേശങ്ങള്‍ നല്‍കുകയും അവ 21 നകം നടപ്പിലാക്കിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നും കമ്പനി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ ഏലൂരില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്.പിസിബി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന  ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശ്രീശക്തി പേപ്പര്‍ മില്‍സില്‍ ഇന്നലെ പരിശോധന നടത്തി.   നേരത്തെ ഇതേ സമിതി നല്‍കിയ 11 ഇന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് പരിശോധനയില്‍ കണെ്ടത്തി.  എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ തൃദീപ് കുമാറാണ്  സര്‍വകക്ഷി യോഗത്തില്‍ പരിശോധനാ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചത്.

അന്വേഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ കമ്പനി ലംഘിച്ചതിനാല്‍  അടച്ചുപൂട്ടല്‍ നോട്ടീസ് ഉടന്‍ നല്കുമെന്ന് പിസിബി ചെയര്‍മാന്‍ സജീവന്‍ വിശദമാക്കി. ജനകീയ സമിതി കഴിഞ്ഞ ഒമ്പതിന്  നടത്തിയ പരിശോധനയെ തുടര്‍ന്ന് നല്‍കിയ 11 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്ന്  ബോധ്യപ്പെട്ടാല്‍ മാത്രം കമ്പനി തുറക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് യോഗ തീരുമാനം.റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന  ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, വൈസ് ചെയര്‍മാന്‍ എ.ഡി സുജില്‍ , സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. റിപ്പോര്‍ട്ടിന്‍മേല്‍ വളരെ വിശദമായ ചര്‍ച്ചയാണ് നടന്നത്.

കമ്പനിക്ക് ഒരാഴ്ച കൂടി സമയം നല്‍കണമെന്നും  മാലിന്യത്തോത് കുറയ്ക്കാന്‍ നിര്‍മാണം വെട്ടിക്കുറയ്ക്കണമെന്നും യോഗത്തില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരു മാസത്തോളം സമയം നല്‍കിയിട്ടും നിര്‍ദേശങ്ങളോട്  തീര്‍ത്തും അവഗണന പുലര്‍ത്തിയ   കമ്പനിക്ക് ഒരവസരം കൂടി നല്‍കേണെ്ടന്ന ഭൂരിപക്ഷ അഭിപ്രായം യോഗം അംഗീകരിക്കുകയായിരുന്നു.പെരിയാറിനെ മലിനപ്പെടുത്തുന്നതില്‍ നിരവധി കമ്പനികള്‍ക്ക് പങ്കുണെ്ടന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍ ചൂണ്ടിക്കാട്ടി. എല്ലുപൊടി കമ്പനികള്‍, സിഎംഎംആര്‍എല്‍, ഫാക്ട് പോലുള്ള വന്‍കിട കമ്പനികള്‍ തുടങ്ങിയവയിലും പരിശോധന വേണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

അതേസമയം പരിശോധസമിതിയിലെ അംഗങ്ങളെച്ചൊല്ലി പ്രതിപക്ഷ നേതാവ് ചാര്‍ളിയും കൗണ്‍സിലര്‍ അബൂബക്കറും യോഗത്തില്‍ ബഹളമുണ്ടാക്കി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിവരങ്ങള്‍ അറിയിച്ചില്ലെന്നാണ് ഇവര്‍ പരാതിപ്പെട്ടത്. എന്നാല്‍ സ്വന്തം വാര്‍ഡിലെ പ്രശ്‌നങ്ങള്‍ അറിയാത്തത് തങ്ങളുടെ കുഴപ്പമല്ലെന്ന് ഭരണകക്ഷി നേതാക്കള്‍ മറുപടി നല്‍കി. ബഹളം മൂലം കുറച്ചുനേരം യോഗ നടപടികള്‍ തടസപ്പെട്ടു. പിന്നീട് ചെയര്‍പേഴ്‌സണ്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കുകയായിരുന്നു.പെരിയാറിലെ മാലിന്യത്തോത് കുറയ്ക്കാനും  സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുമായി ഏലൂര്‍ നഗരസഭ 10 ഇന നിര്‍ദേശങ്ങള്‍ മലിനീകരണ ബോര്‍ഡിന് സമര്‍പ്പിച്ചു. വികസന സ്റ്റാന്‍ഡിംഗ് സമിതി ചെയര്‍പേഴ്‌സണ്‍ ഉഷയാണ് നിര്‍ദേശങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ വച്ച് കൈമാറിയത്.

Related posts