ലങ്കയെ കൊലക്കളമാക്കിയ തീവ്രവാദികള്‍ പരിശീലനം നടത്തിയത് കേരളത്തില്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ലങ്കന്‍ സൈനിക മേധാവിയുടേത്, കാഷ്മീരിലും കേരളത്തിലും ചാവേറുകള്‍ നിരന്തരം യാത്രകള്‍ നടത്തി, കേരളം തീവ്രവാദികളുടെ വളക്കൂറുള്ള മണ്ണുതന്നെ!!

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ ഭീകരര്‍ പരിശീലനം നടത്തിയത് ഇന്ത്യയിലെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി. കേരളത്തിലും കാഷ്മീരിലും ബംഗളൂരുവിലുമാണ് ഇവര്‍ പരിശീലനം നടത്തിയതെന്ന് ലഫ്. ജനറല്‍ മഹേഷ് സേനനായക് പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭീകരര്‍ ഇന്ത്യയിലാണ് പരിശീലനം നടത്തിയതെന്ന് ശ്രീലങ്കന്‍ മേധാവി വ്യക്തമാക്കിയത്.

ഇന്ത്യയിലുള്ള ചില സംഘടനകളുമായി ആശയ വിനിമയം നടത്താനും പരിശീലനത്തിനുമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 2017 ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടത്തിയവരില്‍ രണ്ടു പേര്‍ ഇന്ത്യയിലെത്തിയതായി പേരുവെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ശ്രീലങ്ക ഔദ്യോഗികമായി ഇത്തരം വിവരം പങ്കുവച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

വിദേശത്തും കിഴക്കന്‍ ലങ്കയിലുമായിരുന്നു ഭീകരര്‍ ആയുധപരിശീലനവും മറ്റും നടത്തിയതെന്ന് ശ്രീലങ്കന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. ഈസ്റ്റര്‍ ഞായറാഴ്ചത്തെ ആക്രമണത്തിന്റെ സൂത്രധാരനായ മൗലവി മുഹമ്മദ് സഹറാന്‍ ഹാഷിം പലവട്ടം ഇന്ത്യയില്‍ വന്നുപോയിട്ടുള്ളതായി അയാളുടെ അയല്‍ക്കാര്‍ പറഞ്ഞിരുന്നു.

പിടിക്കപ്പെടാതിരിക്കാന്‍ മത്സ്യബന്ധനബോട്ടുകളിലായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര. ഇതേ വഴിയാകാം മറ്റു ഭീകരരും ഇന്ത്യയിലെത്തിയതെന്നു കരുതുന്നു. സഹറാന്റെ പ്രഭാഷണ വീഡിയോകളും മറ്റും തമിഴ്‌നാട്ടിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെയും അനുഭാവികളുടെയും താവളങ്ങളില്‍നിന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിരുന്നു. അതുവഴിയാണ് ഈസ്റ്റര്‍ദിന ആക്രമണത്തെപ്പറ്റി ഏപ്രില്‍ നാലിന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയത്.

സഹറാന്‍ കൊളംബോയില്‍ ഷാന്‍ഗ്രി ലാ ഹോട്ടലിലെ ആക്രമണത്തില്‍ ചാവേറായി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേന ശരിവച്ചു. നേതാവായതുകൊണ്ട് അയാള്‍ ചാവേറാകാന്‍ ഇടയില്ലെന്നു നേരത്തേ പലരും കണക്കാക്കിയിരുന്നു. ഷാന്‍ഗ്രി ലായിലെ മറ്റൊരു ചാവേര്‍ ചെമ്പുഫാക്ടറി ഉടമയായ മുപ്പത്തിമൂന്നുകാരന്‍ ഇന്‍ഷാഫ് ഇബ്രാഹിമാണ്. സുഗന്ധവ്യഞ്ജനവ്യാപാരി മുഹമ്മദ് ഇബ്രാഹിമിന്റെ പുത്രനാണിയാള്‍.

ഇയാളുടെ ഭാര്യ ഒരു വലിയ സ്വര്‍ണവ്യാപാരിയുടെ മകളാണ്. പോലീസ് ഇന്‍ഷാഫിന്റെ വസതിയില്‍ പരിശോധനയ്ക്കു ചെന്നപ്പോള്‍ അനിയന്‍ ഇല്‍ഹാം ഇബ്രാഹിം ചാവേറായി. ആ സ്‌ഫോടനത്തില്‍ ഇന്‍ഷാഫിന്റെ ഭാര്യയും അവരുടെ മൂന്നു മക്കളും മൂന്നു പോലീസ് ഓഫീസര്‍മാരും കൊല്ലപ്പെട്ടു. ഇല്‍ഹാമിന്റെ ഭാര്യ സിനാമണ്‍ ഹോട്ടലില്‍ ചാവേറായിരുന്നെന്നു പോലീസ് കരുതുന്നു.

Related posts