കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില റിക്കാര്ഡ് കുതിപ്പില് തുടരുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ചരിത്രത്തില് ആദ്യമായി ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്.
18,14,9 കാരറ്റുകള്ക്കും അനുപാതികമായ വിലവര്ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്ധനയും തുടരുകയാണ് 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില് മുകളിലാണ്. ഒരു പവന് സ്വര്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില് വാങ്ങണമെങ്കില് 90,000 രൂപയ്ക്ക് അടുത്ത് നല്കേണ്ടിവരും.
യുഎസ് ഫെഡറല് റിസര്വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വിലവര്ധനവിന് കാരണം. അര ശതമാനത്തിന് മുകളില് കുറയ്ക്കണം എന്നാണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാല് ശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കില് സ്വര്ണത്തില് നിക്ഷേപിച്ചവര് ലാഭമെടുത്ത് പിരിയാനുള്ള സാധ്യതകളുണ്ട്.
അങ്ങനെ വന്നാല് സ്വര്ണവിലയില് നേരിയ കുറവ് വന്നേക്കാം. അരശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കില് സ്വര്ണവില വീണ്ടും വര്ധിച്ചേക്കും. രാജ്യം ദീപാവലി ആഘോഷ സീസണിലേക്ക് അടുക്കുന്നതിനാല് വില ഇനിയും ഉയരുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.എസ്.അബ്ദുള് നാസര് പറഞ്ഞു.