വീടിനുനേരെ വെടിവയ്പ്: വ്യാപക പ്രതിഷേധം

KKD-VEDIവടകര: ഒഞ്ചിയം കണ്ണൂക്കരയിലെ മാടാക്കര കറുവക്കുണ്ടത്തില്‍ അബ്ദുല്‍ ഗഫൂറിന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പില്‍ വ്യാപക പ്രതിഷേധം. അബ്ദുല്‍ ഗഫൂറിന്റെ വീട് സന്ദര്‍ശിച്ച നിയുക്ത എംഎല്‍എ സി.കെ. നാണു അക്രമത്തെ അപലപിച്ചു. അക്രമത്തിന് നേതൃത്വം കൊടുത്തവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാണു ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒഞ്ചിയം പഞ്ചായത്തംഗം ഗോപാലകൃഷ്ണന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഒഞ്ചിയത്ത് ഹര്‍ത്താല്‍ നടത്തി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഗഫൂറിന്റെ വീടിനു നേരെ വെടിവെപ്പുണ്ടായത്. ഈ സമയം വീടിന്റെ മുന്‍വശത്തിരിക്കുകയായിരുന്ന ഗഫൂറും കുടുംബവും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.  ഭാര്യയും കുട്ടികളുമൊത്ത് സംസാരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. ഗഫൂറിന്റെ വീടിന്റെ മുന്‍വശത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് വെടിയുതിര്‍ത്തിട്ടുള്ളതെന്നു കരുതുന്നു. ഉന്നം തെറ്റിയത് കാരണം ജനല്‍ ചില്ലിലാണ് പതിഞ്ഞത്. ശബ്ദം കേട്ട ഭാഗത്തേക്കു നോക്കുമ്പോള്‍ വീണ്ടും വെടിയുതിര്‍ത്തതായി പറയുന്നു. ഉടന്‍  മക്കളെയും ഭാര്യയെയും കൂട്ടി ഗഫൂര്‍ വീടിനുള്ളിലേക്ക് ഓടി രക്ഷപെട്ടു.  ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട  ഭാര്യ ഫൗസിയ കുഴഞ്ഞ് വീഴുകയും ചെയ്തു.

ഫൗസിയ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇരു കക്ഷികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വെടിവെപ്പിനെ തുടര്‍ന്നു വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു പരിശോധന നടത്തി. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്തുനിന്നും എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന രണ്ട് പെല്ലറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

Related posts