വിഴിഞ്ഞത്തെ അപകട മേഖല കളക്ടര്‍ സന്ദര്‍ശിച്ചു

tvm-vizhinjamവിഴിഞ്ഞം: കടല്‍ കാണാനെത്തുന്നവരുടെ ജീവനുകള്‍ക്ക് വില പറയുന്ന വിഴിഞ്ഞം ബൊള്ളാര്‍ഡ് പുള്‍ പരിശോധനാ കേന്ദ്രവും പരിസരവും സുരക്ഷിതമാക്കാന്‍ തീരുമാനമായി.ഇനി കാര്യങ്ങള്‍ നടപ്പിലായാല്‍ മാത്രം മതി.അപകടം പതിയിരിക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളില്‍ ആര്‍ത്തലച്ച് അടിച്ച് കയറുന്ന തിരമാലകളില്‍പ്പെട്ട് അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കാന്‍ കലക്ടറും സംഘവും ഇന്നലെ വിഴിഞ്ഞത്തെത്തി. അപകടങ്ങളില്‍പ്പെട്ട് മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ പതിച്ച മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.ഇതിനായി ചിത്രങ്ങളും വിവരങ്ങളും നല്ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വിഴിഞ്ഞം വാര്‍ഫിലും മത്സ്യബന്ധന തുറമുഖത്തും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും.

ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ഡിടിപിസി എന്നിവരുമായി ചേര്‍ന്ന് മതിപ്പുറത്തും ഹാര്‍ബറിലും സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കാനും സുരക്ഷാജോലികള്‍ക്കായി കൂടുതല്‍ പോലീസുകാരെ തുറമുഖ പരിസരത്ത് ചുമതപ്പെടുത്തുകയും ചെയ്യും. ബൊള്ളാര്‍ഡ് പുള്‍ പരിശോധനാ കേന്ദ്രത്തിലെ പാറക്കെട്ടില്‍ ഇറങ്ങാനുള്ള ചവിട്ടുപടികള്‍ നീക്കം ചെയ്യും.15നു മുമ്പായി വിഴിഞ്ഞം തുറമുഖ പ്രദേശം ശുചിയാക്കം. അദാനി ഗ്രൂപ്പിന്റെ ബാര്‍ജ്, ഡ്രഡ്ജര്‍, ഇറാന്‍ ബോട്ട്, ഗുജറാത്തി ടഗ് എന്നിവയാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തടസമായി വാര്‍ഫില്‍ കിടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ചിട്ടുണെ്ടന്നും യാനങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഇറാന്‍ ബോട്ടും ഗുജറാത്തി ടഗും നീണ്ടകരയിലേക്കോ കൊല്ലത്തേക്കോ മാറ്റാനും.ഇറാന്‍ ബോട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും കളക്ടര്‍ അറിയിച്ചു. അദാനിയുടെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ ഡ്രഡ്ജറും ബാര്‍ജും തമിഴ്‌നാട് മുട്ടത്തേക്കും മാറ്റാനും ആലോചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ആറിന് മന്ത്രിതലയോഗം വിളിച്ചിട്ടുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിഴിഞ്ഞം പദ്ധതി പ്രദേശം കൂടി സന്ദര്‍ശിച്ചശേഷം കളക്ടര്‍ മടങ്ങി. വിഴിഞ്ഞം പോര്‍ട്ട് പര്‍സര്‍, തീരദേശ പോലീസ് സിഐ, വിഴിഞ്ഞം സിഐ, വിഴിഞ്ഞം തുറമുഖ കമ്പനി എഇ പ്രദീപ്, അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ സുശീല്‍ നായര്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Related posts