അടിമാലി: പ്രളയമൊഴിഞ്ഞ് ഒരുവർഷത്തോടടുക്കുന്പോഴും ദുരിതാശ്വാസ ക്യാന്പിൽതന്നെ ജീവിതം തുടരുകയാണ് കല്ലാർകുട്ടി സ്വദേശിയായ കറുപ്പനും കുടുംബവും. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കല്ലാറുകുട്ടി ലിങ്ക് റോഡിനു സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്.
വീടിനൊപ്പം വീടിനോടു ചേർന്നുണ്ടായിരുന്ന മീൻകുളവും കാലിത്തൊഴുത്തുമെല്ലാം നശിച്ചു. വീടിനോടുചേർന്ന് പട്ടയമില്ലാത്ത 40 സെക്കന്റോളം ഭൂമി ഉണ്ടെങ്കിലും കിടക്കാൻ കൂരയില്ലാത്തതിനാലാണ് ദുരിതാശ്വാ സക്യാന്പിൽ കഴിയേണ്ടിവന്നത്. കഴിഞ്ഞ ഒരുവർഷമായി കത്തിപ്പാറയിൽ പ്രവർത്തിക്കുന്ന ക്യാന്പിൽതന്നെയാണ് ഇവരുടെ ജീവിതം.
ഭവനനിർമാണത്തിനായി വെള്ളത്തൂവലിൽ മൂന്നുസെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ അവിടെ താമസിക്കുക അപ്രായോഗികമാണെന്ന് കറുപ്പൻ പറയുന്നു. മറ്റെവിടെയെങ്കിലും ഭൂമി മാറ്റിനൽകാൻ ഇടപെടലുണ്ടാകണമെന്നാണ് കറുപ്പന്റെ ആവശ്യം.
കറുപ്പനൊത്ത് ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ടു കൊച്ചുമക്കളും ഒരുവർഷമായി ക്യാന്പിലാണ്. പ്രളയം ബാക്കിവച്ച പുരയിടത്തിൽനിന്നും ലഭിക്കുന്ന തുച്ഛവരുമാനമാണ് ഉപജീവനോപാധി. അടിയന്തര സഹായമായ പതിനായിരം രൂപ മാത്രമാണ് പ്രളയദുരിതാശ്വാസമായി ലഭിച്ചത്. പ്രായാധിക്യവും രോഗവും കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കറുപ്പൻ ക്യാന്പിൽ ജീവിതം തുടരുന്നത്.