തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവർ ഒന്നരലക്ഷത്തോളംപേർ. 965 ക്യാന്പുകളിലായി 155796 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. മലപ്പുറം വയനാട് കോഴിക്കോട് കണ്ണൂർ ആലപ്പുഴ എറണാകുളം ജില്ലകളിലാണ് കൂടുതൽപേർ ക്യാന്പുകളിൽ കഴിയുന്നത് .
കവളപ്പാറയിലെ ഉരുൾപ്പെട്ടലിൽപ്പെട്ട രണ്ടുപേരുടെ മൃതദേഹംകുടി ഇന്നു കണ്ടെത്തി. കിഷോർ എന്ന കുട്ടിയുടെ മൃതദേഹമാണ് ഇന്നു ലഭിച്ചതിലൊന്ന്. കവളപ്പാറയിൽ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 35 ആയി. ഇനി 24 പേരെക്കൂടി ഇവിടെ നിന്നും കണ്ടെത്താനുണ്ട്. പുത്തുമലയിൽ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. പ്രളയദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി.
കവളപ്പാറയിലും പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുകയാണ്. കവളപ്പാറയിൽ ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരൻ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും.