നേമം : കരമന-കളിയിക്കവിള ദേശീയപാതയില്‍ നീറണ്കരയിലും കൈമനം ജംഗ്ഷനിലും ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്നലെ വൈകുന്നേരം നാലിന് കൈമനം ജംഗ്ഷനില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. രണ്ടാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനുവേണ്ടിയാണ് ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ടൈമിമഗും മറ്റ് കാര്യങ്ങളും പരിശോധിച്ച് ശേഷം ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.
88.76 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സോളാര്‍ പാനലിലാണ് ട്രാഫിക് സിഗ്നലിന്റെ പ്രവര്‍ത്തനം. യാത്രകാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കടന്നുപോകാവുന്ന സമയ ക്രമീകരണങ്ങളിലാണ് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി സ്ഥലങ്ങളിലെ പണി പൂര്‍ത്തിയാകാന്‍ ഒരു മാസത്തോളം എടുക്കും. ട്രാഫിക് സിഗന്ലിന്റെ സ്വിച്ച് ഓണിന് ശേഷം മന്ത്രി കരമന-കളിയിക്കാവിള പാതയില്‍ വഴിമുക്ക് വരെ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥരും കെല്‍ട്രോണ്‍ അധികൃതരും പരിപാടിയില്‍ പങ്കെടുത്തു.