കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തവരെ അറസ്റ്റുചെയ്യണം : കൊടിക്കുന്നില്‍

klm-KODIKUNNILകൊല്ലം:  പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത ഇടതു പ്രവര്‍ത്തകര്‍ അക്രമം തുടരുകയാണ്.പ്രദേശത്ത്  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രവര്‍ത്തകരെ അക്രമിക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്ത്  കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജില്ലയിലുടനീളം കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും കേരളത്തിലെ ആഭ്യന്തരവകുപ്പ് കൈയാളുന്ന  മുഖ്യമന്ത്രിയും പോലീസും കൈയും കെട്ടി നോക്കി നില്‍ക്കുന്നത് കേരളം എങ്ങോട്ടേക്കാണെന്ന സൂചനയാണ് നല്‍കുന്നത്. ഇടതുമുന്നണി അധികാരത്തില്‍ വന്നിട്ടുള്ള കാലയളവിലെല്ലാം പോലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടാസംഘങ്ങള്‍ അക്രമങ്ങള്‍  അഴിച്ചുവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  കൊട്ടാരക്കര കെഎസ് ആര്‍ടിസി ഡിപ്പോയിലെ ഐഎന്‍ടിയുസി നേതാവ് മാമച്ചനെ മര്‍ദിച്ച കേസിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Related posts