ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത് രോഗികള്‍ക്ക് വിനയാകുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം,ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നായി ദിവസേന ആയിരക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരു മെല്ലാം ഒപി ചീട്ട് കൗണ്ടര്‍ മുതല്‍ ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങള്‍ തപ്പിനടന്നു നട്ടം തിരിയുകയാണ്. ഒപി വിഭാഗങ്ങള്‍, വാര്‍ഡുകള്‍, തിയറ്ററുകള്‍, ലാബുകള്‍, ഇഇജി, എക്സറെ, ഇസിജി, പ്രിവന്റീവ് മെഡിസിന്, ആര്‍എസ്ബിവൈ കൗണ്ടര്‍, കാരുണ്യ മെഡിക്കല്‍ഷോപ്പ്, തീവ്രപരിചരണ വിഭാഗങ്ങള്‍, സ്കാനിംഗ് സെന്റര്‍, അക്ഷയ സെന്റര്‍ തുടങ്ങി വിവിധ വിഭാഗങ്ങളാണ് ആശുപത്രിയിലുള്ളത്.
ഇതിനു പുറമെ വിവിധ രോഗങ്ങള്‍ക്കുള്ള ക്ലി നിക്കുകളും ആശുപത്രിയിലു ണ്ട്. ഇവ അന്വേഷിച്ചെത്തുന്നവര്‍ക്ക് പുറമെ ഓരോ വിഭാഗങ്ങളുടെയും ഡോക്ടര്‍മാരുടെ ഒപി ദിവസം, ഡോക്ടര്‍ മാരുടെ ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ തിരക്കിയും നൂറുകണക്കിനാളുകളാണ് എത്തുന്നത്. എന്നാല്‍ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ഒരോ വിഭാഗങ്ങളെ കുറിച്ച് വ്യക്തമായ അറിവ് പകര്ന്നുനല്കാന് ആശുപത്രിയില്‍ സംവിധാനം ഇല്ലാത്തത് രോഗികളെ വലച്ചിരിക്കുകയാണ്. അവയവമാറ്റം ആവശ്യമുള്ള രോഗികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട മൃതസഞ്ജീവനി വിഭാഗത്തെ കുറിച്ച് ആശുപത്രിയിലെ ജീവനക്കാരനോട് ചോദിച്ച രോഗിക്ക് മൃതസജ്ഞിവനി പുരാണത്തിലെ കഥയല്ലേ എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തില്‍ ആശുപത്രിയിലെ സംവിധാനങ്ങളെ കുറിച്ചും ചികിത്സ വിഭാഗങ്ങളെ കുറിച്ചും അറിയാത്ത നിരവധി ജീവനക്കാരും ഇവിടെയുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ചികിത്സ വിഭാഗങ്ങളെ കുറിച്ചും ചികിത്സ സംവിധാനങ്ങളെ കുറിച്ചും വ്യക്തമായ അറിവ് നല്കി പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ അത്യാഹിതത്തിനോട് ചേര്‍ന്ന് ഏതാനും മാസം മുമ്പുവരെ പ്രവര്‍ത്തിച്ചിരുന്നു. എം ജി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു ഇവിടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടത്തെ ജീവനക്കാരി എംജി യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചു പോയതോടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി പിന്നീട് ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തയാറായില്ല. ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ ആവശ്യകത മനസിലാക്കി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ഏറ്റെടുത്തു നടത്താന്‍ ആശുപത്രി അധികൃതരും തയാറായില്ല. തുടര്‍ന്ന് രോഗികള്‍ ആശുപത്രിയില്‍ ഒരോ വിഭാഗങ്ങള്‍ തിരക്കി നെട്ടോട്ടമോടുകയാണ്. നിലവില്‍ അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് അഡ്മിഷന് കൗണ്ടറിലാണ് ജനങ്ങള്‍ ഒരോ വിഭാഗങ്ങളെ കുറിച്ചറിയാന്‍ എത്തുന്നത്.
ഇവിടെ ഏതുസമയത്തും അഡ്മിഷന് രജിസ്റ്റര്‍ നടക്കുന്നതിനാല്‍ ഇവിടത്തെ ജീവനക്കാര്‍ തിരക്കിലായിരിക്കും. ഇക്കാരണത്താല്‍ അഡ്മിഷന് രജിസ്റ്റര്‍ നടത്തുന്നതിനിടെ ലാബ് അന്വേഷിച്ചെത്തുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കാന് ഇവിടത്തെ ജീവനക്കാര്‍ക്കും സാധിക്കുന്നില്ല. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് രോഗികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി വട്ടം കറങ്ങുന്നത്. ഈ ദുരിതം കാണാന്‍ ആരുമില്ലെയെന്ന് ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.