ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച കേസ്: സംഭവത്തില്‍ ദുരൂഹതയെന്ന് വില്‍നയുടെ മാതാവ്

gunതലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രതിയുടെ ജാമ്യഹര്‍ജിയിലുള്ള വാദം കേള്‍ക്കുന്നതു ജില്ലാ സെഷന്‍സ് കോടതി 17 ലേക്കു മാറ്റി. ഇതിനിടയില്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തോക്ക് ലക്ഷ്യം വച്ചത് തന്റെ മകളെ തന്നെയാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കേസില്‍ ബാങ്ക് അധികൃതരെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വില്‍നയുടെ മാതാവ് സുധ രംഗത്തെത്തിയിട്ടുണ്ട്.

ലോഗന്‍സ് റോഡിലെ റാണി പ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ ധര്‍മടം മേലൂരിലെ വില്‍ന വിനോദ് വെടിയേറ്റു മരിച്ച കേസിലെ പ്രതിയും ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനുമായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രന്റെ ജാമ്യഹര്‍ജിയാണ് മാറ്റിയത്.  നി—യമാനുസൃതമായ മുന്‍കരുതല്‍ പാലിക്കാതെ തോക്ക് അശ്രദ്ധമായി ഉപയോഗിച്ചതിനാലാണ് അപകടം സംഭവിച്ചിട്ടുള്ളതെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സംഭവ ദിവസം തന്നെ അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്.

അഡ്വ. കെ. വിശ്വന്‍ മുഖാന്തിരമാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അലക്ഷ്യമായി തോക്ക് ഉപയോഗിച്ചതിന് 304 എ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരേ കേസെടുക്കേണ്ടതെന്നും എന്നാല്‍ ജാമ്യം നിഷേധിക്കുന്നതിനായി മനഃപൂര്‍വം 304 വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും അഡ്വ. കെ. വിശ്വന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. മകളുടെ മരണത്തില്‍ ഏറെ ദുരൂഹതയുള്ളതായി സ്വകാര്യ ചാനലിലെ വാര്‍ത്താ പരിപാടിയില്‍ വില്‍നയുടെ മാതാവ് സുധ പറഞ്ഞു. വെടിയേല്‍ക്കുന്ന സമയത്ത് വില്‍ന ഇരുന്ന സ്ഥലത്താണ് സ്ഥാപനത്തിലെ മാനേജര്‍ സെക്കന്‍ഡുകള്‍ക്ക് മുമ്പ് വരെയുണ്ടായിരുന്നത്.

ആരെ ലക്ഷ്യം വച്ചാണ് വെടി ഉതിര്‍ന്നിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമുണ്ട്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ബാങ്ക് അധികൃതരാരും വില്‍നയുടെ വീട്ടിലെത്തുകയോ ആശ്വാസവാക്ക് പോലും പറയുകയോ ചെയ്തിട്ടില്ല. ഏറെ ദുരൂഹയുള്ള സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് അല്ലാത്ത പക്ഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും സുധ പറഞ്ഞു.

ഇതിനടിയില്‍ അപകടത്തിനിടയാക്കിയ ഡബിള്‍ബാരല്‍ ഗണ്ണിന് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കുന്നതിനായി തോക്ക് ആര്‍മര്‍ വിഭാഗത്തിലേക്കയച്ചു. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ 16 സാക്ഷികളുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. വില്‍നയുടെ വീട്ടിലെത്തുകയോ നഷ്ടപരിഹാരം നല്‍കാന്‍ തയാറാകുകയോ ചെയ്യാത്ത ബാങ്ക് അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം രൂക്ഷമാകുകയാണ്. ബാങ്കിനെതിരേ പ്രത്യക്ഷ സമരപരിപാടിക്ക് തയാറെടുക്കുകയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.  രണ്ടിന് രാവിലെ 9.50 നാണ് വില്‍ന ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചത്.

Related posts