കോട്ടയം: മീനച്ചിലാറ്റിലെ മിന്നല്പ്രളയങ്ങളില് പതിവായി വീടു മുങ്ങുന്ന സാഹചര്യത്തെ നേരിടാന് കുമരകത്തിനു സമീപം ഇല്ലിക്കല്, തിരുവാര്പ്പ് ഗ്രാമവാസികള്ക്ക് ഒരു പരിഹാരമേയുള്ളൂ; വീട് സാഹചര്യമനുസരിച്ച് മൂന്നോ നാലോ അടി ഉയര്ത്തുക. വീടും വീട്ടുകാരും ആഴ്ചകളോളം വെള്ളക്കെട്ടിലാകുന്ന ദുരിതത്തെ നേരിടാന് ഇതോടകം മുപ്പതു വീടുകള് ഉയര്ത്തിക്കഴിഞ്ഞു.
ഒന്നിനു പിന്നാലെ ഇരുപത് വീടുകള്കൂടി ഉയര്ത്തും. വീടിന് നേരിയ ചലനമോ വിള്ളലോ ഉലച്ചിലോ വരാത്തവിധം ഇഞ്ചിഞ്ചായി ജാക്കിയില് കെട്ടിടം ഒന്നാകെ ഉയര്ത്താന് മാസങ്ങളുടെ അധ്വാനം വേണം.വീടിന്റെ വലുപ്പം, ബലം, പഴക്കം എന്നിവയൊക്കെ പരിശോധിച്ചശേഷമാണ് ഉയര്ത്താന് പറ്റുമോ എന്നു തീരുമാനിക്കുക. കെട്ടിടം ദുര്ബലമെങ്കില് സാഹസത്തിന് കരാറുകാരൻ തയാറാവില്ല.
കെട്ടിടം സുരക്ഷിതമാണെങ്കില് വലുപ്പം ഒരു പ്രശ്നമേയല്ല. രണ്ടു നിലയാണെങ്കിലും ഈസിയായി പൊക്കിയെടുക്കാം- ഇല്ലിക്കലില് വീട് ഉയര്ത്തുന്ന ബിന്നി കെ. സാമുവല് പറഞ്ഞു. മീനച്ചിലാറ്റിലെയും വേമ്പനാട്ടു കായലിലെയും തോടുകളിലെയും മണലും ചെളിയും നീക്കം ചെയ്യാത്തതിനാലാണ് ഓരോ വര്ഷവും പ്രളയം കൂടുതല് വീടുകളെ മുക്കുന്നത്. പതിവ് പ്രളയം വീടുകളുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നു.
ജാക്കിയില് വീട് ഉയര്ത്തുന്നതിനൊപ്പം പുതിയ അടിത്തറയും മുറ്റവും കെട്ടി ഉറപ്പിക്കും. അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്കികള് വച്ച് വീട് അപ്പാടെ ജാക്കികള്ക്കു മുകളില് വരുംവിധം ക്രമീകരിക്കും.അടിത്തറയ്ക്കൊപ്പം മുറ്റവും അവിടേക്കുള്ള റോഡും ഒരേ സമയം മണ്ണിട്ട് കോണ്ക്രീറ്റ് ചെയ്യും.
തറയ്ക്കു താഴെ കോണ്ക്രീറ്റ് ബെല്റ്റുള്ള വീടുകളാണെങ്കില് ജാക്കി പിടിപ്പിക്കാന് എളുപ്പമാണ്. അല്ലാത്ത സാഹചര്യത്തില് ഇരുമ്പിന്റെ സി ചാനല് പൈപ്പ് വച്ച് അതില് ജാക്കി ഉറപ്പിക്കും.സാധാരണ രീതിയില് മൂന്നടിയാണ് ഉയര്ത്തുന്ന കുറഞ്ഞ ഉയരം. ചില അവസരങ്ങളില് അഞ്ചും ആറും അടിവരെ ഉയര്ത്താറുണ്ട്. കെട്ടിടം ഉയര്ത്തിക്കഴിഞ്ഞ ശേഷം കോണ്ക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിച്ച് സുരക്ഷിതമാക്കും.
ഇരുനില വീടുകള് ഉയര്ത്തുമ്പോള് ഉടമസ്ഥര്ക്ക് മുകളിലത്തെ നിലയില് താമസിക്കുന്നതിനും തടസമില്ല. വയറിംഗ്, പ്ലംബിംഗ് ഉള്പ്പെടെ യാതൊന്നും മാറ്റേണ്ടതുമില്ല. ഹരിയാനയില് നിന്നുള്ള ചെറുപ്പക്കാരായ തൊഴിലാളികളാണ് ഇല്ലിക്കലില് അതിസൂക്ഷ്മതയോടെ ജാക്കിയില് വീടുകള് പൊക്കുന്നത്.
- റെജി ജോസഫ്

