ജിനേഷ് അഞ്ചല്‍
അഞ്ചല്‍: ടൗണിലെ ഗതാഗത നിയന്ത്രണം, സുരക്ഷ, മാലിന്യ സംസ്കരണം എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചല്‍ ജനമൈത്രി പോലീസിന്റേയും ത്രിതല പഞ്ചായത്തുകളുടേയും വ്യാപാരിവ്യവസായികളുടേയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച അഞ്ചല്‍ ടൗണ്‍ സുരക്ഷാ പദ്ധതി ഫയലിലൊതുങ്ങി. കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എംഎല്‍എ കെ രാജുവിന്റെ നേതൃത്വത്തില്‍ ആലോചനായോഗം നടത്തിയതുമാത്രമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ നടന്നിട്ടുള്ളത്.
പദ്ധതിയെപ്പറ്റി അന്നത്തെ അഞ്ചല്‍ എസ്ഐ സികെ മനോജ് വിശദീകരിച്ചിരുന്നു. ടൗണിലെ ഗതാഗത പരിഷ്കരണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലേക്കായി ആലഞ്ചേരി മുതല്‍ പനച്ചവിള ജംഗ്ഷന് വരേയും, പുനലൂര്‍ റൂട്ടില്‍ അമ്പലംമുക്കുവരേയും വിവിധ ഭാഗങ്ങളിലായി 20-ഓളം ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. സിസിടിവിയിലെ ദൃശ്യങ്ങള്‍ നെറ്റ്വര്ക്കിംഗ് സംവിധാനത്തിലൂടെ പോലീസ് സ്റ്റേഷനിലെ കണ്ട്രോള് റൂമില്‍ എത്തിച്ചേരും. ഇതിലൂടെ ടൗണിലെ മാലിന്യനിക്ഷേപത്തിനും, ഗതാഗതക്കുരുക്കിനും, വ്യാപാരിവ്യവസായികള്ക്കുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചല്‍ പോലീസ്.
യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചെങ്കിലും ശ്രമം പാളി. ആലോചനായോഗത്തിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊന്നും നടന്നിട്ടില്ല. അഞ്ചല്‍ കോളേജ് ജംഗ്ഷന് മുതല്‍ ചന്തമുക്ക് വരെ മിക്കസമയങ്ങളിലും ഗതാഗതക്കുരുക്കാണ്. ആര്‍ഓ ജംഗ്ഷനിലും ചന്തമുക്കിലും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും അവ നിശ്ചലമായിട്ട് വര്‍ഷങ്ങളായി. ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരമെന്നോണം ഒന്നരപതിറ്റാണ്ട് മുമ്പ് ആരംഭിച്ച അഞ്ചല്‍ ബൈപ്പാസിന്റെ നിര്‍മാണവും പാതിവഴിയില്‍ നിലച്ചു. അഞ്ചല്‍ ടൗണ്‍ ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുമ്പോള്‍ ട്രാഫിക് പോലീസും നിസഹായരായി നില്‍ക്കേണ്ട അവസ്ഥയിലാണ്.
അനധികൃത പാര്‍ക്കിംഗിനെതിരെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചല്‍ പോലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിമിതിമൂലം വാഹനങ്ങള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനു മുന്നില്‍തന്നെ പാര്‍ക്കുചെയ്യുന്നതും പതിവ് കാഴ്ചയാണ്. സ്ഥലപരിമിതിയും വികസനമില്ലായ്മയും അഞ്ചല്‍ ടൗണിനെ വീര്‍പ്പുമുട്ടിക്കുകയാണ്. അഞ്ചല്‍ ടൗണില്‍ കുളത്തൂപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് മുന്നിലും ചന്തമുക്കിലെ കശുവണ്ടി ഫാക്ടറിയ്ക്ക് എതിര്‍വശവും റോഡരുകില്‍ മാലിന്യം നിക്ഷേപിക്കുന്നതും യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ചല്‍ സിഐ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി, റസിഡന്റ് അസോസിയേഷന്, റോട്ടറി, ലയണ്‍സ് ക്ലബുകള്‍, മോട്ടോര്‍ തൊഴിലാളി യൂണിയന് എന്നിവയുടെ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേരാണ് കഴിഞ്ഞവര്‍ഷം നടന്ന അഞ്ചല്‍ ടൗണ്‍ സുരക്ഷാപദ്ധതി യോഗത്തില്‍ പങ്കെടുത്തത്.
ആലോചനാ യോഗത്തിനുശേഷം അന്നുണ്ടായിരുന്ന എസ്ഐയും സിഐയും മറ്റു സ്റ്റേഷനുകളിലേക്ക് സ്ഥലംമാറിപോയി. ഇപ്പോഴുള്ളവര്ക്കാകട്ടെ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുകയുമില്ല. ആലോചനായോഗത്തില്‍ പങ്കെടുത്ത എല്ലാവരും പദ്ധതിയെ പിന്തുണച്ചെങ്കിലും നടപടികള്‍ ഫയലിലൊതുങ്ങിയതോടെ നാട്ടുകാരെക്കാളുപരി അഞ്ചല്‍പോലീസിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്.