സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷദ്വീപ്

EKM-LAKSHADEEPകൊച്ചി: ലക്ഷദ്വീപിന്റെ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള വളരെ നിയന്ത്രിതമായ, ഉയര്‍ന്ന മൂല്യമുള്ള ആഡംബര ടൂറിസം വികസിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷദ്വീപിന് സ്വന്തമായ ഒരു ടൂറിസം നയത്തിന് രൂപം നല്‍കിയതായും മൂന്നു മാസത്തിനകം ടൂറിസം വികസനത്തിനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂയിസ് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം ഹെറിറ്റേജ് ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും. അഗത്തിയില്‍ ബീച്ച് റിസോര്‍ട്ട് പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ഇതിനുള്ള വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. സിആര്‍സെഡ് പരിധി 50 മീറ്റര്‍ എന്നത് 20 മീറ്ററായി കുറച്ചുകൊണ്ട് ലക്ഷദ്വീപിന് തീരസംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിക്കപ്പെട്ടതിനാല്‍ കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസിപ്പിക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കും.

ടൂറിസം മേഖലയുടെ വികസനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. 2030 വരെയുള്ള പെഴ്‌സ്‌പെക്ടീവ് പ്ലാനില്‍ രണ്ട് ക്രൂയിസ് ഷിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വിഷമിക്കുന്ന ദ്വീപ് വാസികള്‍ക്കായി ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ രണ്ടു വര്‍ഷത്തിനകം നടപ്പാക്കാന്‍ സാധിച്ചു. സാധാരണക്കാരായ ദ്വീപ് വാസികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്.

ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും സൗജന്യ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചു. പിപിപി മോഡലില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്ത പദ്ധതിയായി മിനിക്കോയ്, കവരത്തി, അമിനി, ആന്ത്രോത്ത് ദ്വീപുകളില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികള്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. തുറമുഖ വികസനത്തിന്റെ ഭാഗമായി ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളില്‍ ലക്ഷദ്വീപുകാര്‍ക്കായി പ്രത്യേകം വാര്‍ഫ് നിര്‍മിക്കാനും കൊല്ലത്തു നിന്നു മിനിക്കോയ് ദ്വീപിലേക്ക് നേരിട്ട് കപ്പല്‍ സര്‍വീസ് നടത്താനുമുള്ള പ്രാഥമിക ചര്‍ച്ച കേരളത്തിലെ തുറമുഖ മന്ത്രിയുമായി നടത്തി.

വന്‍കരയില്‍ മരണപ്പെട്ടവരെ മറവു ചെയ്യാനുള്ള സൗകര്യം എറണാകുളത്തോ പരിസരപ്രദേശത്തോ ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ലക്ഷദ്വീപില്‍ നിന്നു രോഗികളെ കൊണ്ടുവരുന്ന ഹെലികോപ്റ്റര്‍ നെടുമ്പാശേരിയില്‍ ഇറക്കുന്നതിനു പകരം വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ ഇറക്കാനാവശ്യമായ നടപടികളും കൈക്കൊണ്ടുവരുന്നു. കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എസ്‌സി-എസ്ടി വിഭാഗത്തിന് ലഭിക്കുന്ന സൗജന്യസേവനങ്ങള്‍ ദ്വീപുകാര്‍ക്കും ലഭ്യമാക്കാന്‍ ചര്‍ച്ച നടത്തും. ദ്വീപില്‍ രാത്രിയില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യവും സീപ്ലെയിന്‍ സര്‍വീസ് തുടങ്ങാനുള്ള പ്രവര്‍ത്തനവുമടക്കം നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായും മുഹമ്മദ് ഫൈസല്‍ എംപി പറഞ്ഞു.

Related posts