നഗരത്തിലെ ഗതാഗത തടസത്തിന് പ്രാധാന കാരണമായ റൗണ്ടാന പൊളിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

ktm-roundanaകോട്ടയം: നഗരത്തിലെ ഗതാഗത തടസത്തിന് പ്രധാന കാരണം നഗരമധ്യത്തിലെ ശീമാട്ടി റൗണ്ടാനയാണെന്നും അത് പൊളിച്ചു നീക്കണമെന്നുമുള്ള ആവശ്യം ശക്തമായി. നഗരത്തിലെ ഭൂരിപക്ഷം ഓട്ടോ, ബസ് ഡ്രൈവര്‍മാര്‍ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം. ഇപ്പോള്‍ വീണ്ടും ഈ ആവശ്യത്തിന് ജീവന്‍ വച്ചു. അടുത്ത ആര്‍ടിഎ മീറ്റിംഗില്‍ ശീമാട്ടി റൗണ്ടാന പൊളിക്കുന്ന കാര്യം ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ശീമാട്ടി റൗണ്ടാനയുടെ നിര്‍മാണ ഘട്ടത്തില്‍ അതിനെ എതിര്‍ത്തവരില്‍ ഒരാളാണ് ഇപ്പോള്‍ കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍. അദേഹം ടൗണ്‍ സിഐ ആയിരിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്. നാറ്റ്പാക്കിന്റെ പേര് പറഞ്ഞാണ് കോട്ടയം നഗരമധ്യത്തിലെ ഏറെ സ്ഥലം കൈവശപ്പെടുത്തി റൗണ്ടാന നിര്‍മിച്ചത്. എന്നാല്‍ 500 മീറ്റര്‍ അപ്രോച്ച് റോഡുള്ള വന്‍സിറ്റികളില്‍ മാത്രമാണ് ഇത്തരം റൗണ്ടാന പ്രായോഗികമാവുകയുള്ളുവെന്നാണ് നാറ്റപാക്ക് പോലും വ്യക്തമാക്കുന്നത്.

ചെറിയ നഗരങ്ങളില്‍ വലിയ റൗണ്ടാന സ്ഥാപിച്ചാല്‍ അത് ഗതാഗതക്കുരുക്കിന് കാരണമാകും. ഇത് തുഗ്ലക് പരിഷ്കാരമാണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാദിച്ചയാളാണ് എന്‍. രാമചന്ദ്രന്‍. ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കുന്നു. റൗണ്ടാന പൊളിച്ചു നീക്കി അവിടെ ട്രാഫിക് കണ്‍ട്രോള്‍ സ്ഥാപിച്ചാല്‍ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

Related posts