കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിൽ. ഇന്നുമാത്രം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമെന്ന സർവകാല റിക്കാർഡ് സൃഷ്ടിച്ചു.
വിഷു ദിനമായ കഴിഞ്ഞ 14ന് ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാർഡ് വില. ഈ നിലവാരമാണ് ഇന്ന് മറികടന്നത്. ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം പടിവാതിക്കൽ എത്തിനിൽക്കേ സ്വർണവിലയിലുണ്ടായ വളർച്ച വളരെ വലുതാണ്.
കഴിഞ്ഞ വർഷം അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വില ഗ്രാമിന് 2,945 രൂപയും പവൻ വിലയാകട്ടെ 23,560 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ ഗ്രാമിന് 1,280 രൂപയുടെയും പവന് 10,240 രൂപയുടെയും വില വർധനവാണ് സ്വർണത്തിനുണ്ടായത്.
അതായത് 40 ശതമാനത്തിലധികം വർധനവ്. കേരളത്തിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ നാൾ. കേരളത്തിലെ 12,000 ലധികം സ്വർണക്കടകളിലേക്ക് പത്തു ലക്ഷത്തിലധികം ജനങ്ങൾ സ്വർണം വാങ്ങാനായി ഒഴുകിയെത്തുമെന്നാണു കണക്കുകൾ.
ഏകദേശം 2,000 കിലോ സ്വർണം വിറ്റഴിയുമെന്നാണ് വിപണിയിൽനിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. 26 നാണ് ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം.
ലോക്ക്ഡൗണിനെത്തുടർന്ന് സ്വർണക്കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരം നടക്കാൻ സാധ്യതയില്ല. മിക്കവാറും ജ്വല്ലറികളും ഫോണ് നന്പർ വഴിയും, സാമൂഹമാധ്യമങ്ങൾ വഴിയും ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.