ഒറ്റപ്പാലം: ഒറ്റപ്പാലം പനമണ്ണ ചെട്ടികുന്ന് കള്ള് ഷാപ്പിലേക്ക് കൊണ്ട് വന്ന 1000 ലിറ്റർ സ്പിരിറ്റ് കലർത്തിയ കള്ള്,7 ലിറ്റർ സ്പിരിറ്റ് എന്നിവ എക്സൈസ് സംഘം പിടികൂടി.കള്ള് കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു.കള്ളിൽ സ്പിരിറ്റ് കലക്കിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ പിടിയിലായി.
വാണിയംകുളം കുണ്ടു കുളങ്ങര വീട്ടിൽ കണ്ണൻ എന്ന സോമസുന്ദരൻ (45) പനമണ്ണ സൗത്തിൽ മല്ലിപറന്പ് വീട്ടിൽ ശശികുമാർ (45) എന്നിവരാണ് പിടിയിലായത്.
വണ്ടിയുടെ ഡ്രൈവർ ഉണ്ണികൃഷ്ണൻ ഓടി രക്ഷപ്പെട്ടു.പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം റേഞ്ച് എക്സൈസ് വിഭാഗവുമായി ചേർന്ന് ഒറ്റപ്പാലം പനമണ്ണ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ കള്ള് പിടികൂടിയത്.
ചിറ്റൂരിൽ നിന്നും വന്ന ബൊലേറോ പിക്ക്അപ്പ് വാനിൽ കൊണ്ട് വന്ന 5 ബാരൽ കള്ളിലാണ് സ്പിരിറ്റ് കലക്കിയത്. ലോക്ക് ഡൗണ് സമയത്ത് കള്ളിന്റെ ലഭ്യത കുറവായതിനാൽ കള്ള് ഷോപ്പ് തുറക്കുന്പോൾ വിൽപനയിൽ തടസം നേരിടാതിരിക്കാൻ വേണ്ടിയാണ് സ്പിരിറ്റ് കലക്കി വ്യാജ കള്ള് നിർമ്മിക്കുന്നത്.സ്പിരിറ്റ് ചേർത്താൽ കള്ളിന് വീര്യം കൂടും.
വ്യാജ കള്ള് ഉപയോഗിച്ച പനമണ്ണ മേഖലയിലെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി എക്സൈസ് സംഘം പറഞ്ഞു.പിടിയിലായ കണ്ണൻ എന്ന സോമസുന്ദരൻ പനമണ്ണ മേഖലയിലെ 25 ഓളം ഷാപ്പുകളുടെ നടത്തിപ്പുകാരനാണ്.
തൃശൂർ ഭാഗത്തു നിന്നാണ് സ്പിരിറ്റ് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ സോമസുന്ദരൻ സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു.
കള്ളിന്റെ ലഭ്യത കുറവ് മുതലെടുത്തു ജില്ലയിൽ പല ഭാഗത്തും സ്പിരിറ്റ് എത്തിയിട്ട് ഉണ്ടെന്നു വിവരം ഐ. ബി.ക്ക് ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു.
ഈ വർഷം പാലക്കാട് ഐബിയുടെ നേതൃത്വത്തിൽ എടുക്കുന്ന രണ്ടാമത്തെ കേസും, രണ്ടു വർഷത്തിനിടെ എടുക്കുന്ന എട്ടാമത്തെ സ്പിരിറ്റ് കേസുമാണിത്.
എക്സൈസ് ഇൻസ്പെക്ടർമാരായ വി.അനൂപ്,റോയ് എം.ജേക്കബ് സെന്തിൽ കുമാർ,റിനോഷ്,യൂനസ്, സജിത്ത്,മിനു,ബെന്നി സെബാസ്റ്റ്യൻ, കെ.വി.മുരളി,ബഷീർ കുട്ടി, പ്രസാദ്,ഭവദാസ്,സുധീഷ് നായർ, ഗോപീ കൃഷ്ണൻ, മുബീന,സന്ധ്യ,സത്താർ,ഷിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.