പാലാ: കേരളത്തില്‍ മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് പ്രായോഗികമെന്നും മദ്യവര്‍ജനമാണ് എഐടിയുസിയുടെ നയമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി. രാജേന്ദ്രന് അഭിപ്രായപ്പെട്ടു. പാലായില്‍ നടന്ന മീനച്ചില്‍ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് 30ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശമദ്യ വില്പനയില് നിയന്ത്രണം കൊണ്ടുവന്നെങ്കിലും കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞില്ലെന്നുമാത്രമല്ല വര്‍ധിക്കുകയാണ് ചെയ്തതെന്നു ഗവണ്മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിലും ചെറുപ്പക്കാരിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം ഭയാനകമായി വര്‍ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണം. മദ്യത്തിന്റെ അപകടത്തെ സംബന്ധിച്ച് ജനങ്ങളില്‍ ബോധവത്ക്കരണം നടത്തി മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ കഴിയണം. അതിനായി പ്രകൃതിദത്തമായ ശുദ്ധമായ കള്ള് ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് പ്രസിഡന്റ് കെ.വി. കൈപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. പി.ആര്. തങ്കച്ചന്, യൂണിയന് ജനറല്‍ സെക്രട്ടറി പി.കെ. ഷാജകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്, കേരള സ്റ്റേറ്റ് ചെത്തു തൊളിലാളി യൂണിയന് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കൂമാര്‍, ജില്ലാ പഞ്ചായത്തംഗം പി. സുഗതന് സിപിഐ പാലാ മണ്ഡലം സെക്രട്ടറി ബാബു കെ.ജോര്‍ജ് ,പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം.ജി. ശേഖരന്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെ.എസ്. മാധവന്, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ്, കര്‍ഷക തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി പയസ് രാമപുരം, സിപിഐ പാലാ ലോക്കല്‍ സെക്രട്ടറി സിബി ജോസഫ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.ബി. അജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.വി. കൈപ്പള്ളി – പ്രസിഡന്റ്, വി.കെ സന്തോഷ്കൂമാര്‍ – വര്‍ക്കിഗ് പ്രസിഡന്റ്, അഡ്വ. പി.ആര് തങ്കച്ചന്, വി.എല്‍ തങ്കച്ചന്, എം.ടി. സജി – വൈസ് പ്രസിഡന്റുമാര്‍, പി.കെ. ഷാജകുമാര്‍ – ജനറല്‍ സെക്രട്ടറി, എന്‍ സുരേന്ദ്രന്, എന്‍.എം. മോഹനന്, പി.എന്‍. ദാസപ്പന് – സെക്രട്ടറിമാര്‍, കെ.എന്‍. ശിവദാസ് -ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു.