പരവൂര്‍: പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ കോളേജുകള്‍ നിര്‍ത്തലാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നടപടി അന്യസംസ്ഥാന മെഡിക്കല്‍ ലോബിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ഈ അധ്യയനവര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ചാത്തന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പാരിപ്പളളി ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡിക്കല്‍ പഠനം സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. ഈ നടപടി കടുത്ത ജനവഞ്ചനയാണ്. നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യരംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വന്‍ മുന്നേറ്റത്തെ തകര്‍ക്കാനാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ശ്രമമെന്ന് എന്‍. കെ. പ്രേമചന്ദ്രന് എം പി പറഞ്ഞു. പാരിപ്പളളി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നതിന് വേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ യു ഡി എഫ് ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് പ്രേമചന്ദ്രന് പറഞ്ഞു.
യു ഡി എഫ് ചെയര്മാന് പരവൂര്‍ എസ്.രമണന് അധ്യക്ഷത വഹിച്ചയോഗത്തില്‍ ഡോ.ജി പ്രതാപവര്‍മ്മതമ്പാന്‍, നെടുങ്ങോലം രഘു, ജി.രതികുമാര്‍, എന്‍.ജയചന്ദ്രന്, അഡ്വ.രാജേന്ദ്രപ്രസാദ്, പരവൂര്‍ സജീബ്, ചാത്തന്നൂര്‍ മുരളി, എന്‍.ഉണ്ണികൃഷ്ണന്, സുഭാഷ് പുളിക്കല്‍, മണ്ണയംനൗഷാദ്, ചാക്കോ, എം .എസത്താര് എന്നിവര്‍ പ്രസംഗിച്ചു.