സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ നാളെയാണ് തീര്‍പ്പു കല്പിക്കുന്നത്.
കസ്റ്റംസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനുള്ള സാധ്യതയുണ്ട്. ജാമ്യം നിഷേധിക്കുകയും കസ്റ്റഡി അനുവദിക്കാതെയുമിരുന്നാല് ജയിലിലേക്ക് പോകേണ്ടിവരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.
ശിവശങ്കറിനെ ആദ്യം ഏഴുദിവസം കസ്റ്റഡിയില്‍ വാങ്ങിയ ഇഡി അഞ്ചാംതിയതി വീണ്ടും ഏഴുദിവസംകൂടി ചോദിച്ചെങ്കിലും കോടതി ആറുദിവസമേ അനുവദിച്ചുള്ളു. ഇതുപ്രകാരം നാളെ കസ്റ്റഡി കാലാവധി കഴിയും. ഇഡി കസ്റ്റഡി നീട്ടി ചോദിക്കില്ലെന്നാണ് സൂചന.
അന്വേഷണ ഏജന്‍സികളുടെ നൂറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലുകള്‍, 13 ദിവസത്തെ കസ്റ്റഡി കാലാവധി എന്നിവ ചൂണ്ടിക്കാട്ടിയാകും ശിവശങ്കറിന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി വാദിക്കുക. ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ക്കാനാണ് സാധ്യത.
കേസിനെ ബാധിക്കുമെന്നും സസ്പെന്‍ഷനിലാണെങ്കിലും തെളിവുകള്‍ നശിപ്പിക്കാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്നും വാദിച്ചേക്കും.
ഡോളര്‍ക്കടത്തില്‍ ചോദ്യംചെയ്യാനായി കസ്റ്റംസ് സമന്‍സ് നല്കി തിരുവനന്തപുരത്തെ ഓഫീസിലേക്ക് കൊണ്ടുപോകവേയായിരുന്നു ശിവശങ്കര്‍ കുഴഞ്ഞുവീണതും തുടർന്ന് ആശുപത്രിയിലാകുന്നതും ഈ സമന്‍സ് ഇപ്പോഴും നിലനില്ക്കുന്നു എന്നാണ് കസ്റ്റംസിന്റെ വാദം.
എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ ശിവശങ്കറിനെ വിട്ടു കൊടുത്ത കോടതി രാവിലെ ഒമ്പതു മുതല്‍ ആറുവരെ മാത്രമേ ചോദ്യം ചെയ്യാവൂ, വിശ്രമവും ചികിത്സയും നല്‍കണം എന്നിങ്ങനെ പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
ഇതെല്ലാം നടപ്പിലാക്കിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചില്ലെന്നും കോടതിയിലും ശിവശങ്കര്‍ അറിയിച്ചിരുന്നു.
അന്വേഷണ ഏജന്‍സികളോടു സഹകരിക്കുന്ന നിലയിലാണ് ശിവശങ്കര്‍. ആദ്യമൊക്കെ നിസഹകരണം പാലിച്ചിരുന്നെങ്കിലും ഇപ്പോള്‍ ശിവശങ്കര്‍ സഹകരിക്കുകയും പലതും വെളിപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിപ്പറഞ്ഞതാണ് ശിവശങ്കറിനെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയപ്പോള് പാര്‍ട്ടിയും മുഖ്യമന്ത്രിയും അദ്ദേഹത്തിനു പിന്തുണ നല്കിയതും ശിവശങ്കറിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇതു മുതലാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പരമാവധി ശ്രമിക്കുന്നുണ്ട്.