പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് അനുമതി നല്‍കണം: എന്‍.കെ പ്രേമചന്ദ്രന്‍

klm-nkpremachandranകൊല്ലം :മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതിനുളള കേന്ദ്ര സര്‍ക്കാരിന്റെ സമയപരിധി കഴിഞ്ഞെങ്കിലും പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനം ആരംഭിക്കുവാന്‍ പ്രതേ്യക അനുമതി നല്‍കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് നിരാകരണ പ്രമേയം അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം ലോക്‌സഭയില്‍  ആവശ്യപ്പെട്ടത്. ഈ വര്‍ഷം തന്നെ കോളേജ് ആരംഭിച്ചില്ലെങ്കില്‍  കേന്ദ്ര സര്‍ക്കാരിന്റെയും ഇഎസ്‌ഐ കോര്‍പ്പറേഷന്റെയും 540 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച കോളേജിനു വേണ്ടിയുളള കെട്ടിടങ്ങളും ഉപകരണങ്ങളും  ഉപയോഗിക്കാന്‍ സാധിക്കാതെ വരും.  ഇതൊരു ദേശീയ നഷ്ടമാണ്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് വേണ്ടി വന്‍ തുക മുതല്‍ മുടക്കിയതിന് ശേഷം സാങ്കേതിക  കാരണങ്ങള്‍ പറഞ്ഞ്  നിഷേധിച്ചാല്‍ അതു കൊണ്ടുണ്ടാകുന്ന നഷ്ടം പൊതു സമൂഹത്തിനാണ്.  മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലുണ്ടായ സീറ്റുകളുടെ കുറവു കണക്കിലെടുത്ത്  എല്ലാ അടിസ്ഥാന സൗകര്യവുമുളള പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ 100 സീറ്റിലേയ്ക്ക് ഈ വര്‍ഷം തന്നെ പ്രവേശനം ആരംഭിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായി ഏറ്റെടുക്കണം.

അധ്യാപകരുടെ എണ്ണത്തിലുളള കുറവ് നികത്താനും അധ്യാപക നിയമനം നടത്താനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും എം.പി. ലോകസഭയില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ഈ വര്‍ഷം കോളേജ് ആരംഭിക്കുവാന്‍ പ്രതേ്യക അനുമതി നല്‍കുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. ആവശ്യപ്പെട്ടു.

Related posts