സ്വന്തം ലേഖകന്‍
കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് നോട്ടീസ് കൈപറ്റിയവര്‍ പിഴയടക്കാന്‍ ഇനി സ്റ്റേഷനിലെത്തേണ്ട. പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സൗകര്യവും നിലവില്‍ വന്നു.
പിഴ ഈടാക്കുന്ന ഇ-ചെലാന്‍ മെഷീനായ പിഒഎസ് (പേയ്മെന്റ് ഓഫ് സെയില്‍) വഴി തന്നെ വിത്ത് ഔട്ട് പേമെന്റ് ചെലാന്‍ (നോട്ടീസ്) നിയമംലംഘിച്ചവര്‍ക്ക് നല്‍കുകയും ഈ നോട്ടീസിലെ നമ്പര്‍ വഴി പിന്നീട് ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാനുള്ള സൗകര്യവുമാണ് ഇപ്പോള്‍ നിലവില്‍ വന്നത്.
ഇ-ചെലാന്‍ പദ്ധതി നടപ്പാക്കി എട്ട് മാസത്തിന് ശേഷമാണ് നോട്ടീസ് നല്‍കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നത്.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കിയത്.
നിയമം ലംഘിച്ചവര്‍ ഇ-ചെലാന്‍ വഴി ഓണ്‍ലൈനായി അപ്പോള്‍ത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാനുള്ള സൗകര്യമായിരുന്നു ഒരുക്കിയത്.
ഇതിനായി പിഒഎസ് മെഷിനുകളും ഓരോ പോലീസ് ജില്ലയ്ക്കുമായി അനുവദിച്ചിരുന്നു. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ ,
വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്കിയാല് അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് മെഷിന്റെ പ്രത്യേകത.
എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തവര്‍ക്ക് പിഴ തുക എഴുതി നോട്ടീസ് നല്‍കുകയായിരുന്നു പതിവ്. ഈ നോട്ടീസുമായി നിശ്ചിത ദിവസത്തിനുള്ളില്‍ വാഹനമോടിച്ച വ്യക്തി സ്റ്റേഷനില്‍ എത്തി പിഴ അടയ്ക്കുന്ന രീതിയായിരുന്നു ഇത് വരെ സ്വീകരിച്ചത്.
നോട്ടീസ് കൈപ്പറ്റി പിഴ അടയ്ക്കാത്തവരുടെ വിവരങ്ങള്‍ പോലീസുകാര്‍ വീണ്ടും പരിശോധിക്കുകയും പിന്നീട് ഇവ കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ ഇനി മെഷീനില്‍ വിരലമര്‍ത്തിയാല്‍ പിഴ അടയ്ക്കാത്തവരുടെ വിവരങ്ങള്‍ ലഭിക്കും. വീണ്ടും ഇതേ വാഹനം പരിശോധിക്കുമ്പോള്‍ പിഴ അടയ്ക്കാത്ത വിവരം വ്യക്തമാവുകയും ചെയ്യും.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ഇ-ചെലാന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു.