റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ നിര്‍മാണം അവസാന ഘട്ടത്തില്‍

tcr-exalatorതൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ എസ്കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. പ്ലാറ്റ്‌ഫോമില്‍നിന്നു മേല്‍പ്പാലത്തിലേക്കുള്ള എസ്കലേറ്ററിന്റെ ഫിറ്റിംഗ് ജോലികളാണ് ആരംഭിച്ചത്. 65 ലക്ഷം വീതം വിലയുള്ള രണ്ട് എസ്കലേറ്ററുകളാണു സ്ഥാപിക്കുന്നത്. 1.30 കോടി രൂപ ചെലവില്‍ ചൈനയില്‍നിന്നാണ് എസ്കലേറ്റര്‍ സാമഗ്രികള്‍ എത്തിക്കുന്നത്. മൂന്നാഴ്ചയ്ക്കകം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ പ്രവൃത്തികള്‍ നടന്നുവരികയാണെന്നു തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് എന്‍. നൈനാന്‍ പറഞ്ഞു.

ആദ്യത്തേതിന്റെ പണിപൂര്‍ത്തീകരിക്കുന്നതോടെ രണ്ടാമത്തെ എസ്കലേറ്റര്‍ സാമഗ്രികള്‍ എത്തിക്കും. റെയില്‍വേ സ്റ്റേഷന്‍ വൈഫെ ആക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാകും. റെയില്‍നെറ്റുമായി സഹകരിച്ചാണു വൈഫൈ ഏര്‍പ്പെടുത്തുന്നത്. മേല്‍പ്പാലത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.

നിലവിലുള്ള രണ്ടു മേല്‍പ്പാലങ്ങളും വീതി കുറവായതു യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചിരുന്നു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അഞ്ചു മീറ്റര്‍ വീതിയിലാണു പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നത്. മേല്‍പ്പാലത്തിനോടനുബന്ധിച്ചു മൂന്നുമാസത്തിനകം ലിഫ്റ്റും പ്രവര്‍ത്തനസജ്ജമാക്കും. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ 26 ബോഗികള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ നീട്ടി പണിയുന്ന ജോലികളും പുരോഗമിക്കുകയാണ്. നിലവില്‍ 24 ബോഗികള്‍ നിര്‍ത്താനുള്ള സൗകര്യമാണു തൃശൂരിലുള്ളത്.

Related posts