ചെറായി: പള്ളിപ്പുറത്ത് വീണ്ടും തെരുവുനായകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി വിലസുകയാണ്. സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികള്‍, പുലര്‍ച്ചെ പള്ളിയിലും ക്ഷേത്രത്തിലും പോകുന്നവരും മത്സ്യബന്ധനത്തിനു പോകുന്നവരുമെല്ലാം ഭയന്ന് വിറച്ചാണ് ഇതുവഴി യാത്ര നടത്തുന്നത്. പലയിടത്തും പൊന്തക്കാടുകള്‍ കേന്ദ്രീകരിച്ചും ആള്‍താമസമില്ലാത്ത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും തെരുവുനായകള്‍ തമ്പടിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് പിഞ്ചുബാലികയടക്കം നിരവധി പേരെ തെരുവുനായ കടിച്ചുകീറിയ സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി മുന്‍കൈഎടുത്ത് നായകളെ നിയന്ത്രണ വിധേയമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ഭരണ സമിതിയാകട്ടെ ഒരു നടപടിയുമെടുക്കുന്നില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. മണല്‍ വിറ്റ വകയില്‍ ലഭിച്ച ഫണ്ടില്‍ നിന്നാണ് ഇതിനു ചെലവ് കണ്ടെത്തിയത്. ഈ ഫണ്ടില്‍ വലിയൊരു തുക ഇനിയും പഞ്ചായത്തിന്റെ കൈവശമുണ്ട് .ഇത് ഉപയോഗിച്ച് തെരുവുനായ നിര്‍മ്മാര്‍ജ്ജനത്തിനു നടപടി സ്വീകരിക്കണമെന്ന് ഒരു മുന്‍പഞ്ചായത്തംഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഇതിന്റെ ഉത്തരവാദിത്ത്വം ഏല്‍പ്പിച്ചാല്‍ തെരുവുനായ നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍കൈ എടുക്കാന്‍ തയ്യാറാണെന്നും ഇദ്ദേഹം അറിയിച്ചു.