മുഖ്യമന്ത്രി 20ന് പത്തനാപുരം ഗാന്ധിഭവനില്‍

Pinarayiപത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി വ്യവസായി എം.എ. യൂസഫലിയും 20 ന് പത്തനാപുരം ഗാന്ധിഭവനിലെത്തും. ഉച്ചകഴിഞ്ഞ് 2.30 ന് ഗാന്ധിഭവന് സമീപത്തുള്ള മൈതാനത്ത് പ്രത്യേകം തയാറാക്കിയ, ഗാന്ധിഭവന്റെ പതിമൂന്നാം വാര്‍ഷിക ഉദ്ഘാടന വേദിയില്‍   മഹാത്മാഗാന്ധി സമ്മാന്‍ എം.എ. യൂസഫലിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. 50001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സാമൂഹ്യസേവനരംഗത്ത് സൂര്യതേജസോടെ തിളങ്ങുന്ന ശ്രേഷ്ഠരായ പ്രവാസി വ്യക്തിത്വങ്ങളെ ആദരിക്കാന്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് മഹാത്മാഗാന്ധി സമ്മാന്‍.

കഴിഞ്ഞ വര്‍ഷം പ്രമുഖ പ്രവാസി വ്യവസായി സി.കെ. മേനോനാണ് ഈ പുരസ്കാരം ലഭിച്ചത്. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ഇത്തവണത്തെ അവാര്‍ഡിനായി എം.എ. യൂസഫലിയെ തെരഞ്ഞെടുത്തത്. പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ പ്രഫ. ജി.എന്‍. പണിക്കര്‍, പത്രപ്രവര്‍ത്തകനായ ഗോപിനാഥ് മഠത്തില്‍ എന്നിവരായിരുന്നു അവാര്‍ഡ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

ബൃഹത്തായ ആഗോള വ്യവസായ ശൃംഖലയുടെ അധിപന്‍ എന്നതിനൊപ്പം ഇന്ത്യയിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഉദാരമായി സഹായിച്ച പ്രവാസി എന്ന നിലയിലുമാണ് യൂസഫലി പുരസ്കാരത്തിനര്‍ഹനായതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അവാര്‍ഡ് ദാന സമ്മേളനത്തില്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജു, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കൊടിക്കുന്നില്‍ സുരേഷ് എംപി., മുന്‍ എംപി. കെ.എന്‍. ബാലഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍, ഡോ. ബി. അശോക്, കെ. മുരളീധരന്‍, എം.എസ്. ഫൈസല്‍ഖാന്‍, കെ. രാജഗോപാല്‍, കെ. വരദരാജന്‍, ആര്‍. ചന്ദ്രശേഖരന്‍, ജി. ശങ്കര്‍, വരിഞ്ഞം രാമചന്ദ്രന്‍ നായര്‍, സി.എസ്. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഗാന്ധിഭവന്‍ പുനരധിവാസകേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ഇതിനോടനുബന്ധിച്ച് നടക്കും.

Related posts