കൊല്ലം: രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും എളിമയും ലാളിത്യവും വച്ചുപുലർത്തിയ നേതാവായിരുന്നു അന്തരിച്ച ഡോ.എ.യൂനുസ് കുഞ്ഞ്.
ഉറവ വറ്റാത്ത കാരുണ്യത്തിന് ഉടമയായിരുന്ന അദ്ദേഹം മഹാനായ മനുഷ്യ സ്റ്റേഹി കൂടിയായിരുന്നു അദ്ദേഹം. വാക്കിലും പ്രവർത്തിയിലുമുള്ള ആത്മാർഥത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
സഹായം തേടി എത്തുന്ന ഒരാളെ പോലും ഒരിക്കലും നിരാശനാക്കി മടക്കി അയച്ചിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായി വലിയൊരു സൗഹൃദവലയം തന്നെ യൂനുസ് സാഹിബിന് ഉണ്ടായിരുന്നു.
ജീവിതാന്ത്യം വരെയും ഈ ബന്ധങ്ങൾ നിലനിർത്താനും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.
1969-ൽ വിമോചന സമരകാലത്ത് സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗം കേട്ടാണ് യൂനുസ്കുഞ്ഞ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. നേരത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
അക്കാലത്ത് വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്, കെ.കെ അബു തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
കൊല്ലത്തെ ലീഗ് നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്ത് എത്തി സി.എച്ചിനെ കണ്ടു. അദ്ദേഹം യുനുസ്കുഞ്ഞിനെ ഹരിത രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ക്ഷണിക്കുകയായിരുന്നു.
പിന്നീട് ലീഗ് കൊല്ലം താലുക്ക് കമ്മിറ്റി പ്രസിഡന്റായി. ആറു മാസം കഴിഞ്ഞ് ജില്ലാ മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി.
വ്യവസായത്തിനും രാഷ്ട്രീയത്തിനുമൊപ്പം സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിന് അദ്ദേഹം സമയം കണ്ടെത്തി.
തൊഴിലാളി സംഘടനയായ എസ്ടി യു കൊല്ലത്ത് ശക്തിപ്പെടുത്തി തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.
1979 -ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കേവിള പഞ്ചായത്തിലെ മണക്കാട് വാര്‍ഡില്‍ നിന്നും വിജയിച്ച യൂനുസ്കുഞ്ഞ് പഞ്ചായത്ത് പ്രസിഡന്റായി. മൂന്നുപ്രാവശ്യം ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാംവട്ടം വടക്കേവിള പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്ത് ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചു.
ഇരവിപുരം ഡിവിഷനില്‍ നിന്നും ജില്ല കൗണ്‍സിലിലേക്ക് മത്സരിച്ച യൂനുസ്കുഞ്ഞ് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
1977 മുതല്‍ നാലുപതിറ്റാണ്ടിലേറെ ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1991ല്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചു ഒരേ സമയം പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, ജില്ലാ കൗണ്‍സില്‍ അംഗം എന്ന സ്ഥാനങ്ങൾ വഹിച്ച അപൂര്‍വതയും അദ്ദേഹത്തിന് മാത്രം സ്വന്തം.
കശുവണ്ടി തൊഴിലാളിയായി തുടക്കം
കൊല്ലം: സാധാരണ കുടുംബത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു യൂനുസ്കുഞ്ഞിന്റെ ബാല്യകാലം. 1941ല്‍ കൊല്ലൂര്വിളയില് അബ്ദുല്ലകുഞ്ഞ് – ഫാത്തിമ ദമ്പതികളുടെ മകനായി ജനനം.
പ്രദേശത്തെ വിവിധ സ്കൂളുകളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. മാതാപിതാക്കളെയും സഹോദരങ്ങളെയും പോറ്റാന്‍ പിന്നീട് കശുവണ്ടി തൊഴിലാളിയായി മാറി.
പിന്നീട് ചെറിയ രീതിയില്‍ കശുവണ്ടി വ്യവസായ രംഗത്തേക്ക് കടന്നുവരികയായിരുന്നു. വ്യവസായം പുരോഗതി പ്രാപിച്ചതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമായി ഇരുപതില്‍പ്പരം കശുവണ്ടി ഫാക്ടറികള്‍ ആരംഭിച്ചു.
പതിനായിരത്തോളം തൊഴിലാളികള്‍ക്ക് ജോലി നല്കുന്ന സ്ഥാപനമായി അദ്ദേഹത്തിന്റെ വ്യവസായം വളര്‍ന്നു.
1981-82 കാലഘട്ടത്തില്‍ വ്യക്തിഗത കശുവണ്ടി കയറ്റുമതിയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനക്കാരനായി.
വ്യവസായ, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക മേഖലകളില്‍ അദ്ദേഹത്തിന് തനതായ വ്യക്തിമുദ്ര പതിപ്പിക്കാനും കഴിഞ്ഞു.
വിവിധ അവാര്‍ഡുകളും യൂനുസ് കുഞ്ഞിനെ തേടിയെത്തി. ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു.
വിദ്യാഭ്യാസ പ്രചാരക് അവാര്‍ഡ്, രാജീവ് ഗാന്ധി പുരസ്കാരം, ശ്രീലങ്കന്‍ യൂണിവേഴ്സ്റ്റിയുടെ പിഎച്ച്ഡി, നാഷണല്‍ എക്കണോമിക് ഗ്രോത്ത് അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നോര്‍വെ, സ്വീഡന്, അമേരിക്ക, റഷ്യ, ബ്രസീല്‍, ഇന്തോനോഷ്യ, സിംഗപ്പൂര്‍, വിയറ്റ്നാം, ടാന്‍സാനിയ, സൗദി, കുവൈറ്റ്, യുഎഇ, ജര്‍മനി, പാരീസ്, സിലോണ്‍, ലണ്ടന്‍, ബെല്‍ജിയം, ഡെന്മാര്ക്ക്, ഹോളണ്ട്, സ്വിറ്റ്സര്‍ലന്റ് തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
അദ്ദേഹത്തിന്റെ വേർപാട് കൊല്ലത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. നിർദോഷമായി പറയുന്ന തമാശകൾ പലതും ശ്രദ്ധേയമായിരുന്നു.
കൊല്ലത്തെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും മാധ്യമ പ്രവർത്തകരുമായി അദ്ദേഹം ഏപ്പോഴും ഏറെ അടുപ്പവും വച്ചു പുലർത്തിയിരുന്നു.
എസ്.ആർ.സുധീർ കുമാർ